കൊച്ചി- മരണവശ്യ സഹായ സംഘം മരണാനന്തരം ധനസഹായം നല്‍കാതിരുന്ന നടപടി സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി.
25,750 രൂപ പലിശ സഹിതം എതിര്‍ കക്ഷികള്‍ പരാതിക്കാരന് നല്‍കണമെന്ന് ഡി. ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദന്‍, ടി. എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നിര്‍ദ്ദേശിച്ചു.
പറവൂര്‍ ഡോണ്‍ ബോസ്‌കോ ചര്‍ച്ച് മരണസഹായ സംഘത്തിനെതിരെ എറണാകുളം ഏഴിക്കര തോട്ടുങ്കര ടി. ജി. അംബ്രോസ് നല്‍കിയ പരാതിയാണ് ഈ ഉത്തരവ്.
മരണാനന്തര സഹായനിധിയിലേക്ക് പരാതിക്കാരന്റെ പിതാവ് ഔസേപ്പ് കുട്ടി ജോര്‍ജ് 2015 മുതല്‍ 15 വര്‍ഷം മുടക്കമില്ലാതെ വരിസംഖ്യ നല്‍കിയിരുന്നു. 2015ല്‍ 85-ാം വയസ്സില്‍ പിതാവ് മരിച്ചു.
പിതാവിന്റെ മരണാനന്തര ധനസഹായത്തിനായി മകന്‍ സംഘത്തെ സമീപിച്ചപ്പോള്‍ എതിര്‍കക്ഷികള്‍ ഫണ്ട് നല്‍കിയില്ലെന്നു മാത്രമല്ല അപമര്യാദയായി മകനോട് പെരുമാറുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
'പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ ഉചിതമായ രീതിയില്‍ നടത്തുക എന്നത് മകന്റെ ചുമതലയാണ്. ഈ ചെലവുകള്‍ തന്റെ കുടുംബത്തിന് ഭാരമാകരുതെന്ന ചിന്തയാണ് മരണാനന്തര ചടങ്ങിന്റെ ധനം അതുമായി ബന്ധപ്പെട്ട സംഘത്തെ പിതാവ് മുന്‍ കൂട്ടിഏല്‍പിച്ചത്. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാല്‍ കഴിഞ്ഞില്ലെന്ന മകന്റെ ദു: ഖമാണ് ഈ പരാതിക്ക് കാരണം. അതിനാല്‍ ഈ വിധി പിതാവിന്റെ ആത്മാവിന് മകന്‍ സമര്‍പ്പിക്കുന്ന ആദരാഞ്ജലി കൂടിയാണ് ' കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.
ഫണ്ടിലടച്ച തുകയും 20,000 രൂപ നഷ്ടപരിഹാരവും ഒന്‍പത് ശതമാനം പലിശയും ചേര്‍ത്ത് നല്‍കണം.
കൂടാതെ, 5,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം എതിര്‍ കക്ഷികള്‍ പരാതിക്കാരന് നല്‍കണം.