Sorry, you need to enable JavaScript to visit this website.

പ്രശസ്ത പത്രപ്രവര്‍ത്തകന്‍  മാത്യു കദളിക്കാട് അന്തരിച്ചു 

മലപ്പുറം- പ്രശസ്ത പത്രപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ ബ്യൂറോ ചീഫുമായിരുന്ന മാത്യൂ കദളിക്കാട്(86) പെരിന്തല്‍മണ്ണയില്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അന്ത്യമുണ്ടായത്. മലപ്പുറം  പ്രസ്‌ക്ലബ്ബിന്റെ പ്രസിഡന്റായിരുന്നു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെ  അംഗമായിരുന്നു. അപൂര്‍വ്വ ആദിവാസി ഗോത്രമായ ചോലനായ്കന്മാരെ കരുളായി കാടുകളില്‍ നിന്ന് കണ്ടെത്തി ലോകത്തെ മനോരമ വാര്‍ത്തവഴി അറിയിച്ചത് മാത്യു കദളിക്കാട് ആയിരുന്നു. സാക്ഷരതായജ്ഞക്കാലത്ത് തയ്യാറാക്കിയ അനേകം റിപ്പോര്‍ട്ടുകള്‍ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുന്നതായിരുന്നു. 1938 ജൂണ്‍ പത്തിന് നിലമ്പൂരില്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി ജനിച്ചു. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പത്രപ്രവര്‍ത്തന രംഗത്ത് 34 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. എം എസ് പി ഹൈസ്‌കൂളിലെ  റിട്ട. അദ്ധ്യാപിക പരേതയായ പി എം മേരിക്കുട്ടിയാണ് ഭാര്യ. മകന്‍  അഭിലാഷ് മാത്യൂ. മരുമകള്‍: കൂടരഞ്ഞി മണിമലത്തടത്തില്‍ കുടുംബാംഗം മഞ്ജുഅഭിലാഷ്. നാളെ  ഉച്ചതിരിഞ്ഞ് 3 മുതല്‍ 4 മണിവരെ മലപ്പുറം പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം നിലമ്പൂരിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച്ച നിലമ്പൂരിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു ശേഷം നിലമ്പൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ കബറടക്കം. 


 

Latest News