കോഴിക്കോട്- ഗ്രോ വാസുവിന് എതിരായ കേസിൽ കുന്ദമംഗലം കോടതി വിചാരണ നടപടികളിലേക്ക് പ്രവേശിച്ചു. തനിക്കെതിരായ കേസിൽ ഗ്രോ വാസു തന്നെയാണ് അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നത്. പ്രതിക്കൂട്ടിൽ ഇരിക്കാനായി സ്റ്റൂൾ അനുവദിച്ചെങ്കിലും സ്വീകരിക്കാൻ ഗ്രോ വാസു തയ്യാറായില്ല. വേണ്ടത്ര പോലീസ് സംഘം ഇല്ലാതിരുന്നതിനാലാണ് നേരത്തെ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്യാതിരുന്നതെന്ന് സർക്കിൾ ഇൻസ്‌പെക്ടർ ഹബീബുള്ള കോടതിയിൽ മൊഴി നൽകി. എ.എസ്.ഐ അബ്ദുൽ അസീസും സമാനമായ മൊഴിയാണ് നൽകിയത്.
ഗ്രോ വാസു പ്രായമേറിയ ആളാണെന്നും കേസ് നീട്ടിക്കൊണ്ടുപോകരുതെന്നും കോടതി ആവശ്യപ്പെട്ടു. അടുത്ത മാസം നാലിന് വിചാരണ തുടങ്ങും. കുന്ദമംഗലം കോടതിയിലാണ് വിചാരണ നടപടികൾ.
കോടതിയിൽനിന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ പശ്ചിമഘട്ട രക്തസാക്ഷികൾ സിന്ദാബാദ്, ഇൻക്വിലാബ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ഗ്രോ വാസു മടങ്ങിയത്. കനത്ത പോലീസ് കാവലിൽ ആയിരുന്നു അദ്ദേഹത്തെ കോടതിയിൽനിന്ന് ഇറക്കിയത്. മുദ്രാവാക്യം വിളിക്കുന്ന വാസുവിനെ പോലീസുകാരൻ തൊപ്പി കൊണ്ടു മറക്കാനും ശ്രമിച്ചു.