കൊച്ചി - മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയേയും മകളേയും എതിര്‍ കക്ഷികളാക്കിക്കൊണ്ട് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. സി.എം.ആര്‍ എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവര്‍ അടക്കമുളള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ ശനിയാഴ്ച പ്രാഥമിക വാദം കേള്‍ക്കും. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്. കൊച്ചിയിലെ സി എം ആര്‍ എല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ അക്കൗണ്ടിലേക്കും അവരുടെ കമ്പനിയിലേക്കും ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപ എത്തിയത് കൈക്കൂലിയുടെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.