ലോകകപ്പ് ഫുട്‌ബോളിലെ ഒരു മെഡല്‍ ഏതു കളിക്കാരന്റെയും സ്വപ്‌നമാണ്. എന്നാല്‍ നിക്കോള കാലിനിച്ചിന് അതു വേണ്ട. മെഡല്‍ തിരസ്‌കരിച്ചിരിക്കുകയാണ് മുപ്പതുകാരന്‍.
ലോകകപ്പില്‍ സ്‌ട്രൈക്കര്‍ മാരിയൊ മന്‍സുകിച്ചിന്റെ റിസര്‍വായിരുന്നു കാലിനിച്. എന്നാല്‍ നൈജീരിയക്കെതിരായ വിജയത്തില്‍ പകരക്കാരനായിറങ്ങാന്‍ പറഞ്ഞപ്പോള്‍ എ.സി മിലാന്‍ താരം കുറുമ്പു കാട്ടി. പരിക്കാണെന്ന് പറഞ്ഞ് ഇറങ്ങാന്‍ തയാറായില്ല. സന്നാഹ മത്സരത്തിലും ഇതേ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു കാലിനിച്. ഇതോടെ കാലിനിച്ചിനെ കോച്ച് സ്ലാറ്റ്‌കൊ ദാലിച് നാട്ടിലേക്ക് മടക്കി. പരിക്കു കാരണം തിരിച്ചുപോവുന്നു എന്നേ അന്ന് പറഞ്ഞിരുന്നുള്ളൂ.
ക്രൊയേഷ്യയുടെ മാസ്മരിക മുന്നേറ്റം പിന്നീടാണ് സംഭവിക്കുന്നത്. അപ്പോഴേക്കും ഒരു മിനിറ്റ് പോലും മുഖം കാണിക്കാതെ കാലിനിച് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. എങ്കിലും ലോകകപ്പ് ടീമിലുണ്ടെന്നതിനാല്‍ കാലിനിച്ചും മെഡലിന് അര്‍ഹനായിരുന്നു. ക്രൊയേഷ്യന്‍ ടീം സ്വീകരിച്ച മെഡല്‍ കാലിനിച്ചിന് സമ്മാനിച്ചുവെങ്കിലും അത് സ്വീകരിക്കാന്‍ സ്‌ട്രൈക്കര്‍ തയാറായില്ല. ഒരു പ്രധാന റിസര്‍വ് താരം ഇല്ലാതെയാണ് ക്രൊയേഷ്യ മൂന്ന് നോക്കൗട്ട് മത്സരങ്ങള്‍ എക്‌സ്ട്രാ ടൈം കളിച്ചത്.
മെഡല്‍ വാഗ്ദാനം ചെയ്തതിന് നന്ദി. പക്ഷെ ഒരു മിനിറ്റ് പോലും ഞാന്‍ റഷ്യയില്‍ കളിച്ചിട്ടില്ലല്ലോ? -കാലിനിച് പറയുന്നു.