തൃശൂര്‍ - എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടില്‍ ഇ.ഡി നടത്തിയ പരിശോധനക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സി.പി.എം ജില്ലാ കമ്മിറ്റി. സി.പി.എം നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ വെള്ളിയാഴ്ച ജില്ലാ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സി.പി.എം ജില്ല കമ്മിറ്റി അറിയിച്ചു.
ഇ.ഡി പറഞ്ഞത് എന്നും പറഞ്ഞ് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുകയാണെന്നും സി.പി.എം ആരോപിച്ചു. മൊയ്തീനെതിരെയുള്ള ഇ ഡി നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി.
മൊയ്തീന്റെ വീട്ടില്‍നിന്ന് ഇ.ഡി ഒരു രേഖയും പിടിച്ചെടുത്തിട്ടില്ല എന്നും ചില രേഖകളുടെ പകര്‍പ്പുകള്‍ എടുക്കുക മാത്രമാണ് ചെയ്തതെന്നും സി.പി.എം നേതൃത്വം പറയുന്നു. ഇടതുപക്ഷത്തിനും സര്‍ക്കാരിനും എതിരെയുള്ള ഒളി യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സി.പി.എം ജില്ലാ കമ്മിറ്റി ഇന്നലെ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
ബി.ജെ.പിയുടെ അജണ്ടക്ക് കോണ്‍ഗ്രസും മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണെന്നും സി.പി.എം ആരോപിക്കുന്നു.
പരിശോധനയുടെ ദൈര്‍ഘ്യം കൂട്ടി 22 മണിക്കൂര്‍ റെയ്ഡ് നടത്തി ഗൗരവമായതെന്തോ ഉണ്ട് എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഇ.ഡി എന്നും സി.പി.എം കുറ്റപ്പെടുത്തി.