ബ്രസീലിന്റെ ഇതിഹാസതുല്യനായ ഡിഫന്റര്‍ റോബര്‍ടൊ കാര്‍ലോസ് കരിയറിലുടനീളം ഉത്തേജക മരുന്നടി വീരനായിരുന്നുവോ? ചോദ്യമുന്നയിച്ച ഇംഗ്ലണ്ടിലെ ഡെയിലി മെയില്‍ പത്രം കുടുങ്ങി. മാരിവില്‍ മനോഹരമായ ഫ്രീകിക്കുകളിലൂടെയും വിംഗുകളിലൂടെയുള്ള മിന്നല്‍പാച്ചിലുകളിലൂടെയും കാണികളുടെ ഹൃദയം കവര്‍ന്ന ഡിഫന്ററുടെ വെള്ളിടിയില്‍ ഡെയിലി മെയിലിന് കാലിടറി. വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ട ഗതികേടിലാണ് ഇപ്പോള്‍ പത്രം.
റോബര്‍ടൊ കാര്‍ലോസ് വിരമിക്കുകയും ഐ.എസ്.എല്ലിലുള്‍പ്പെടെ കോച്ചായി കുപ്പായഴിച്ചുവെക്കുകയും ചെയ്ത ശേഷമാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ പത്രം ആരോപണവുമായി രംഗത്തെത്തുന്നത്. 2002 ലെ ലോകകപ്പിലുള്‍പ്പെടെ കാര്‍ലോസ് മരുന്നടിച്ചിരുന്നുവെന്നായിരുന്നു വാദം. ആരോപണം തന്റെ പ്രതിഛായക്ക് ഗുരുതരമായ കോട്ടം വരുത്തുമെന്നാരോപിച്ച് ഈയിടെ കാര്‍ലോസ് ലണ്ടന്‍ ഹൈക്കോടതിയെ സമീപിച്ചു. കാര്‍ലോസിന് സ്ഥിരമായി ഉത്തേജക മരുന്ന് നല്‍കിയിരുന്നുവെന്ന് പറയുന്ന ബ്രസീലിയന്‍ ഡോക്ടറെ താരം കണ്ടിട്ടു പോലുമില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു.
പത്രം തങ്ങളുടെ വാദം ന്യായീകരിക്കാന്‍ മെനക്കെട്ടില്ല. ജര്‍മന്‍ ടി.വി ഡോകുമെന്ററിയെ അടിസ്ഥാനമാക്കിയായിരുന്നു തങ്ങളുടെ റിപ്പോര്‍ട്ടെന്നും ഈ ആരോപണം അസത്യമാണെന്ന് മനസ്സിലാക്കി നിരുപാധികം മാപ്പ് പറയുന്നതായും പത്രം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കാര്‍ലോസിന് കനത്ത നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു.