റിയാദ്- സൗദി യെമൻ അതിർത്തി കടക്കുന്നതിനിടെ എത്യോപ്യൻ വംശജർക്കെതിരെ അതിക്രമം നടന്ന വാർത്ത നിഷേധിച്ച് സൗദി സുരക്ഷ വകുപ്പ് വക്താവ്. സൗദി-യെമൻ അതിർത്തി കടക്കുന്നതിനിടെ എത്യോപ്യൻ വംശജർക്കെതിരെ അതിക്രമം നടന്നതായി ചില അന്താരാഷ്ട്ര സംഘനകൾ വാർത്ത നൽകിയത് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതും ദുരുപദിഷ്ടവുമാണ്. വാർത്ത വിശ്വസനീയമായ ഏതെങ്കിലും റിപ്പോർട്ടുകളുടെ പിൻബലത്തോടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല. സൗദി അതിർത്തിയിലേക്ക് തള്ളിവിടപ്പെട്ട ചില ആഫ്രിക്കൻ സംഘങ്ങൾക്ക് മാനുഷിക പരിഗണന വെച്ച് ആവശ്യമായ സഹായങ്ങൾ സൗദി സുരക്ഷ വകുപ്പുകൾ നൽകിയിട്ടുണ്ട്. അതിർത്തി നിയമലംഘകരുൾപ്പെടെ പിടിയിലാകുന്നവരോടെല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചും മാനുഷിക പരിഗണനയോടെയും മാത്രമേ സൗദി നടപടി സ്വീകരിക്കാറുള്ളുവന്നും വക്താവ് പറഞ്ഞു.