Sorry, you need to enable JavaScript to visit this website.

യു.എ.ഇ പൊതുമാപ്പ്: അപേക്ഷ സ്വീകരിക്കാന്‍ ഒമ്പത് കേന്ദ്രങ്ങള്‍

*പൊതുമാപ്പില്‍ നാടു വിടുന്നവര്‍ക്ക് പുതിയ വിസയില്‍ തിരികെ വരാം
*പദവി ശരിയാക്കിയാല്‍ രാജ്യത്ത് തുടരാം

 അബുദാബി- യു.എ.ഇയില്‍ പൊതുമാപ്പ് അപേക്ഷകള്‍ സ്വീകരിക്കാന്‍ ഒമ്പത് സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. അബുദാബിയില്‍ മൂന്നും മറ്റ് എമിറേറ്റുകളില്‍ ഓരോന്ന് വീതവും സേവന കേന്ദ്രങ്ങളാണ് ഉണ്ടാവുക. മൂന്ന് മാസം നീളുന്ന പൊതുമാപ്പ് കാലത്തെ ഇളവുകള്‍ ഉപയോഗപ്പെടുത്തി രേഖകള്‍ ശരിയാക്കാനും, നാടു വിടാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കാം. പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് വീണ്ടും പുതിയ വിസയില്‍ തിരിച്ചുവരുന്നതിന് തടസ്സമില്ലെന്ന് താമസകാര്യ വിഭാഗം ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റഷീദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിയമ ലംഘകരായ വിദേശികള്‍ക്ക് ശിക്ഷയോ പിഴയോ കൂടാതെ രാജ്യം വിടാന്‍ അവസരം നല്‍കിക്കൊണ്ടാണ് ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
അബുദാബിയില്‍ ഷഹാമ, അല്‍ ഗര്‍ബിയ, അല്‍ഐന്‍ എന്നിവിടങ്ങളിലെ എമിഗ്രേഷന്‍ കൗണ്ടറുകള്‍, ദുബായില്‍ അവീറിലെ എമിഗ്രേഷന്‍ സെന്റര്‍, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ പ്രധാന എമിഗ്രേഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പൊതുമാപ്പ് അപേക്ഷകള്‍ സ്വീകരിക്കുന്ന സേവന കേന്ദ്രങ്ങള്‍. ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. അപേക്ഷകര്‍ തങ്ങളുടെ വിസ ഏത് എമിറേറ്റിലാണോ, അതേ എമിറേറ്റിലെ കേന്ദ്രത്തിലാണ് പൊതുമാപ്പിന് അപേക്ഷ നല്‍കേണ്ടതെന്ന് ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റഷീദ് അറിയിച്ചു.
നിയമ ലംഘകരായ വിദേശികള്‍ക്ക് പദവി ശരിയാക്കി രാജ്യത്ത് തുടരാനും പൊതുമാപ്പ് കാലത്ത് അവസരമുണ്ട്. പുതിയ സ്‌പോണ്‍സറെ കണ്ടെത്തിയാല്‍ ആമര്‍ സെന്ററില്‍ 500 ദിര്‍ഹം ഫീസടച്ച് രാജ്യം വിടാതെ തന്നെ പദവി ശരിയാക്കാം. ഇവര്‍ക്ക് പുതിയ ജോലി കണ്ടെത്താനും അനുവാദമുണ്ട്. ഇതിനായി മനുഷ്യവിഭവ, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും, സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകളിലേക്ക് അപേക്ഷിക്കുകയും വേണം. അപേക്ഷകന്റെ യോഗ്യതയും പരിചയവും അനുസരിച്ചായിരിക്കും ജോലി ലഭിക്കുക. പദവി ശരിയാകുന്നവര്‍ക്ക് പുതിയ ജോലി തേടുന്നതിന് ആറ് മാസത്തെ വിസയും അനുവദിക്കും.
ജോലിയില്ലാതെ രാജ്യത്ത് കഴിയുന്നവരെ മാത്രമേ ഈ രീതിയില്‍ പരിഗണിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധവും ആഭ്യന്തര കലാപവും നേരിടുന്ന സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ക്ക് യു.എ.ഇയില്‍ തങ്ങുന്നതിന് ഒരു വര്‍ഷത്തെ വിസ നല്‍കും.
താമസ കുടിയേറ്റ നിയമം ലംഘിച്ചവര്‍, തൊഴില്‍ തര്‍ക്കത്തില്‍പെട്ട് കഴിയുന്നവര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പ്രധാനമായും പൊതുമാപ്പ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍, തൊഴിലുടമയുമായി തര്‍ക്കം നിലനില്‍ക്കുന്നവര്‍, സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍ എന്നിവര്‍ക്കും ഇക്കാലയളവില്‍ പദവി ശരിയാക്കാം. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്ക് എത്ര വലിയ പിഴയാണെങ്കിലും പൊതുമാപ്പ് കാലത്ത് അത് എഴുതിത്തള്ളും. എന്നാല്‍ സാമ്പത്തിക കുറ്റങ്ങളിലും, ക്രിമിനല്‍ കുറ്റങ്ങളിലും നടപടികള്‍ നേരിടുന്നവരും ശിക്ഷിക്കപ്പെട്ടവരും ആനുകൂല്യത്തിന് അര്‍ഹരല്ല.
നിശ്ചിത രേഖകള്‍ ഇല്ലാത്ത വിദേശികള്‍ തങ്ങളുടെ രാജ്യത്തിന്റെ എംബസിയിലോ കോണ്‍സുലേറ്റിലോ നിന്നുള്ള ഔട്ട് പാസുമായാണ് ഇമിഗ്രേഷനില്‍ എത്തേണ്ടത്. ഇവിടെ രജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷം രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നല്‍കും. ഇവര്‍ക്ക് സ്വന്തം നിലയില്‍ വിമാന ടിക്കറ്റെടുത്ത് രാജ്യം വിടാം. എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചവര്‍ പത്തു ദിവസത്തിനകം രാജ്യം വിടണം. നടപടിക്രമങ്ങളുടെ ഭാഗമായി നേത്ര, വിരലടയാളം ശേഖരിക്കുമെങ്കിലും വീണ്ടും തിരികെ പ്രവേശിക്കുന്നതിന് നിരോധനം ഉണ്ടാകില്ലെന്നും ബ്രിഗേഡിയര്‍ സഈദ് റക്കന്‍ വ്യക്തമാക്കി.
കാലാവധിയുള്ള പാസ്‌പോര്‍ട്ടോ വിസയോ ഉള്ളവര്‍ക്ക് പൊതുമാപ്പിനായി നേരിട്ട് ഇമിഗ്രേഷനെ സമീപിക്കാം. രേഖകളില്ലാതെ രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍ക്ക് രണ്ടു വര്‍ഷത്തേക്ക് പ്രവേശന നിരോധനമുണ്ടാകും. ഒളിച്ചോടിയതായി പരാതിയുള്ളവര്‍ 500 ദിര്‍ഹം നല്‍കി അത് നീക്കം ചെയ്താല്‍ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കും. ഇവര്‍ക്കും പ്രവേശന നിരോധനമുണ്ടാകില്ല.
വിസാ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ കേസ് നിലനില്‍ക്കുന്നവര്‍ക്ക് കോടതിയില്‍ നിന്നുള്ള ക്ലിയറന്‍സ് ലഭിച്ചാല്‍ പൊതുമാപ്പിലൂടെ രാജ്യം വിടാം. എന്നാല്‍ മറ്റു നിയമ നടപടി നേരിടുന്നവര്‍ക്ക് അത് പൂര്‍ത്തിയായാലേ രാജ്യം വിടാനാകൂ. വിവിധ കാരണങ്ങളാല്‍ പാസ്‌പോര്‍ട്ട് ഇമിഗ്രേഷനില്‍ ഗ്യാരണ്ടിയായി വെച്ചിട്ടുള്ളവരുടെ കേസുകള്‍ പ്രത്യേകം പഠിച്ച് തീരുമാനമെടുക്കും.  ഒളിച്ചോടിയവരുടെ പാസ്‌പോര്‍ട്ട് ഇമിഗ്രേഷനില്‍ ഉണ്ടെങ്കില്‍ അവ ഉടമകള്‍ക്ക് കൈമാറും. ഇതിനായി പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കും. പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് പോലീസ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. എന്നാല്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായുള്ള സാക്ഷ്യപത്രം ആവശ്യമില്ല.
അപേക്ഷകര്‍ നേരിട്ടാണ് സേവന കേന്ദ്രങ്ങളില്‍ ഹാജരാകേണ്ടത്. എന്നാല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍, പ്രായാധിക്യമോ പരിക്കോ മൂലം യാത്ര ചെയ്യാനാവാത്തവര്‍ എന്നിവര്‍ക്ക് മറ്റൊരാളെ പകരം ചുമലപ്പെടുത്താം. പക്ഷേ ഇവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ ബന്ധപ്പെട്ട കോണ്‍സുലേറ്റില്‍ നിന്നുള്ള കത്തോ ഹാജരാക്കണം. ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസുണ്ടെങ്കിലോ, ഭര്‍ത്താവ് എവിടെയാണെന്ന് അറിയാത്തതോ ആയ കേസുകളില്‍ ഭാര്യക്ക് പൊതുമാപ്പിന് അപേക്ഷിക്കാം. അടച്ചുപൂട്ടിയ കമ്പനികളുടെ വിസയിലുള്ളവര്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കും.
വിവിധ കാരണങ്ങളാല്‍ നിയമ ലംഘകരായി തുടര്‍ന്നവര്‍ക്ക് യാതൊരു ശിക്ഷയും ഇല്ലാതെയാണ് തിരിച്ചു പോകാനോ താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാനോ അവസരം ഒരുക്കുന്നത്. രാജ്യവും ഭരണാധികാരികളും നല്‍കിയ ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്താന്‍ നിയമ ലംഘകര്‍ മുന്നോട്ടു വരണമെന്നും ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റഷീദ് അഭ്യര്‍ഥിച്ചു.
---
 

Latest News