തൃശൂർ-കരുവന്നൂർ ബാങ്ക് തട്ടിപ്പിൽഎ.സി മൊയ്തീൻ എം.എൽ.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കടുത്ത പ്രക്ഷോഭങ്ങൾ നടത്താൻ കോൺഗ്രസ് തീരുമാനം. ജില്ലയിലെ 111 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും പന്തം കൊളുത്തി പ്രകടനങ്ങളും നടത്തി.
മൊയ്തീൻ രാജിവെക്കുന്നത് വരെ നിരന്തര സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു.
മൊയ്തീൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കുന്നംകുളത്ത് ശനിയാഴ്ച വൈകിട്ട് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും.
പതിനായിരക്കണക്കിന് നിക്ഷേപകരെ വഴിയാധാരമാക്കിയ മാർക്‌സിസ്റ്റ് പാർട്ടിയിലെ ഉന്നത നേതാക്കളെയും മുൻമന്ത്രി കൂടിയായ എ.സി മൊയ്തീൻ എം.എൽ.എയെയും അറസ്റ്റ് ചെയ്യുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്ന് ഡി.സി.സി നേതൃത്വം അറിയിച്ചു.
എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹത നഷ്ടപ്പെട്ട മൊയ്തീന്റെ നിയോജക മണ്ഡലത്തിലെ എല്ലാ പരിപാടികളും കോൺഗ്രസ് ബഹിഷ്‌കരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു.