കാസര്‍കോട് - അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സിന്റെ പിടിയിലായി. കാസര്‍ഗോഡ് ചിത്താരി വില്ലേജ് ഓഫിസര്‍ കൊടക്കാട് വെള്ളച്ചാല്‍ ചെറുവഞ്ചേരി ഹൗസില്‍ സി.അരുണ്‍, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് വറക്കോട്ട് വയല്‍ സ്വദേശി കെ.വി.സുധാകരന്‍ എന്നിവരെയാണ് വിജിലന്‍സ് കൈയ്യോടെ പിടികൂടിയത്. കൈക്കൂലിയായി 3000 രൂപ വാങ്ങുന്നതിനിടെയാണ് ഇരുവരെയും വിജിലന്‍സ് പിടികൂടിയത്. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റും സ്ഥലത്തിന്റെ തണ്ടപ്പേരും അനുവദിച്ച് നല്‍കുന്നതിന് വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പിക്കു പരാതി നല്‍കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം പണം കൈമാറുമ്പോഴാണ് ഇരുവരും പിടിയിലായത്.