ചോദ്യം: എന്റെ ഫൈനൽ എക്‌സിറ്റ് വിസ ഇപ്പോഴും വാലിഡ് ആണ്. എന്നാൽ ഇഖാമയുടെ കാലാവധി അവസാനിച്ചു. ഇപ്പോൾ എനിക്ക് സ്‌പോൺസർഷിപ് മാറിയാൽ കൊള്ളാമെന്നുണ്ട്. അതിന് എന്താണ് ചെയ്യേണ്ടത്.
ഉത്തരം: സൗദി ഇമിഗ്രേഷൻ നിയമ പ്രകാരം ഫൈനൽ എക്‌സിറ്റ് വിസ അടിച്ചു കഴിഞ്ഞാൽ 60 ദിവസം കൂടി രാജ്യത്തു തങ്ങാം. അതിനിടെ രാജ്യം വിടുകയോ അതല്ലെങ്കിൽ ഫൈനൽ എക്‌സിറ്റ് റദ്ദാക്കുകയോ വേണം. നിശ്ചിത സമയത്തിനകം രാജ്യം വിട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിസ ജവാസാത്ത് ഫ്രീസ് ചെയ്യും. പിന്നീട് ഇതു നീക്കണമെങ്കിൽ ആയിരം റിയാൽ ഫൈൻ നൽകണം. സ്‌പോൺസർഷിപ് മാറണമെങ്കിൽ ആദ്യം സ്‌പോൺസർ ഫൈനൽ എക്‌സിറ്റ് റദ്ദാക്കി നിങ്ങളുടെ ഇഖാമ പുതുക്കണം. ഇഖാമ മൂന്നു മാസത്തേക്കു പുതുക്കാവുന്നതാണ്. അതിനുള്ളിലായി നിങ്ങൾക്ക് സ്‌പോൺസർഷിപ് മാറാം. ഫൈനൽ എക്‌സിറ്റ് റദ്ദാക്കി ഇഖാമ പുതുക്കാതെ സ്‌പോൺസർഷിപ് മാറാൻ കഴിയില്ല. സ്‌പോൺസർഷിപ് മാറണമെങ്കിൽ ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കണം.
സ്‌പോൺസർ മരിച്ചാൽ സ്‌പോൺസർഷിപ് മാറൽ
ചോദ്യം: ഞാൻ ഹൗസ് ഡ്രൈവർ വിസയിലാണ്. എന്റെ സ്‌പോൺസർ മരിച്ചുപോയി. ഞാൻ സ്‌പോൺസർഷിപ് മാറാൻ ആഗ്രഹിക്കുന്നു. ആർക്കാണ് അതിനു സാധിക്കുക. സ്‌പോൺസറുടെ മകന് അതേക്കുറിച്ച് അറിയില്ല. എങ്ങനെയാണ് മാറ്റം സാധ്യമാവുക, അതോടൊപ്പം എനിക്ക് സ്‌പോൺസർഷിപ് മാറ്റവും സാധ്യമാവുമോ?
ഉത്തരം: നോട്ടറി പബ്ലിക്കിൽനിന്ന് പിന്തുടർച്ചാവകാശ പത്രം സംഘടിപ്പിച്ച് സ്‌പോൺസറുടെ മകൻ ജവാസാത്ത് ഓഫീസിനെ സമീപിക്കുകയാണ് വേണ്ടത്. ജവാസാത്ത് ഇതു പരിശോധിച്ച് സ്‌പോൺസറുടെ മകന് പവർ ഓഫ് അറ്റോർണി നൽകുകയും തുടർന്ന് അദ്ദേഹത്തിന് നിങ്ങൾക്ക് സ്‌പോൺസർഷിപ് മാറുന്നതിന് റിലീസ് നൽകാനും സാധിക്കും.
വിസിറ്റിംഗ് വിസ റസിഡന്റ് വിസയാക്കാനാവുമോ?
ചോദ്യം: സൗദിയിൽ ഇഖാമയുള്ള രക്ഷിതാക്കളോടൊപ്പം വിസിറ്റിംഗ് വിസയിലാണ് ഞാനിപ്പോഴുള്ളത്. ഇവിടെ നിന്നുകൊണ്ടു തന്നെ എന്റെ വിസിറ്റിംഗ് വിസയെ റസിഡന്റ് വിസയാക്കി മാറ്റാൻ കഴിയുമോ?
ഉത്തരം: സൗദി ഇമിഗ്രേഷൻ നിയമപ്രകാരം വിസിറ്റിംഗ് വിസയിൽ രാജ്യത്ത് എത്തിയിട്ടുള്ള വിദേശി നിശ്ചിത ദിവസം കഴിയുന്നതിനു മുൻപ് രാജ്യം വിട്ടുപോകണം. അതല്ലെങ്കിൽ ശിക്ഷാർഹനാവും. വസിറ്റിംഗ് വിസയെ ഒരു കാരണവശാലും റസിഡന്റ് വിസയാക്കി മാറ്റാൻ കഴിയില്ല.