Sorry, you need to enable JavaScript to visit this website.

പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയിട്ടില്ല, അധികവായനക്ക്; താൽപര്യമില്ലെന്ന് യൂണിവേഴ്‌സിറ്റിയെ അറിയിച്ചു-കെ.കെ ശൈലജ

കണ്ണൂർ- തന്റെ പുസ്തകം മൈ ലൈഫ് ആസ് എ കോമറേഡ്' കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്തി എന്ന തരത്തിൽ പ്രചരിക്കുന്ന കാര്യം ശരിയല്ലെന്നും അധികവായനക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും മുൻ മന്ത്രി കെ.കെ ശൈലജ. ത് വിഭാഗത്തിലായാലും എന്റെ പുസ്തകം ഉൾപ്പെടുത്തുന്നതിന് എനിക്ക് താൽപര്യമില്ലെന്ന് സർവകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ എന്റെ പുസ്തകത്തിന്റെ പേര് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ലെന്നും കെ.കെ ശൈലജ അറിയിച്ചു. 

കെ.കെ ശൈലജ ടീച്ചറുടെ വാക്കുകൾ:
 
ഞാൻ എഴുതിയ പുസ്തകം 'മൈ ലൈഫ് ആസ് എ കോമറേഡ്' കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്തിയെന്ന രീതിയിൽ വ്യാപകമായ പ്രചാരണം നടക്കുകയാണ്. രാവിലെ റിപ്പോർട്ടർ ചാനലിൽ ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ച് കണ്ടപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യൂണിവേഴ്‌സിറ്റി അധികൃതരെ വിളിച്ച് അന്വേഷിച്ചു. സിലബസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അധികവായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തിൽ സി കെ ജാനു, സിസ്റ്റർ ജസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കൂടെ ഈ പുസ്തകത്തിന്റെ പേരുകൂടി ചേർത്തതാണെന്നുമാണ് യൂണിവേഴ്‌സിറ്റി അധികൃതരിൽ നിന്നും ലഭിച്ച മറുപടി. ഏത് വിഭാഗത്തിലായാലും എന്റെ പുസ്തകം ഉൾപ്പെടുത്തുന്നതിന് എനിക്ക് താൽപര്യമില്ലെന്ന് സർവകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ എന്റെ പുസ്തകത്തിന്റെ പേര് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ല. 
എന്റെ പുസ്തകം ഒരു ജീവചരിത്രം എന്ന നിലയിലല്ല, എന്റെ ഓർമകുറിപ്പുകൾ എന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്റെ കുട്ടിക്കാലത്ത് അന്ന് സമൂഹത്തിൽ നിലനിന്നിരുന്ന ഫ്യൂഡൽ അനാചാരങ്ങളുടെയും എന്റെ അമ്മയും അമ്മമ്മയുമെല്ലാം അടങ്ങിയ തലമുറ അനുഭവിച്ച വിവേചനങ്ങളുടെയും അനുഭവകഥകൾ കേട്ടാണ് ഞാൻ വളർന്നത് ഈ വിവേചനങ്ങളെകുറിച്ച് പുതിയ തലമുറ അറിയണമെന്നതിനാലാണ് അമ്മമ്മയും അമ്മാവൻമാരുമെല്ലാം അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചും അന്നത്തെ സമൂഹം നടത്തിയ പോരാട്ടങ്ങളെകുറിച്ചും പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിച്ചത്. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ തൊട്ടുകൂടായ്മയ്‌ക്കെതിരായി നടത്തിയ സമരങ്ങളും വസൂരി പോലുള്ള മാരക രോഗങ്ങൾ ഭേദമാക്കാൻ നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളും ഉൾപ്പെടുന്നതാണ് ആദ്യഭാഗം. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ തൊട്ടുകൂടായ്മയ്‌ക്കെതിരെ നടത്തിയ പ്രവർത്തനങ്ങളും പുസ്തകത്തിന്റെ ആദ്യഭാഗത്ത് ഉൾപ്പെടുത്തി.
രണ്ടാമത്തെ ഭാഗത്ത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ വികാസവും ഞാൻ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് എനിക്കുണഅടായ അനുഭവവും, പകർച്ചവ്യാധികൾക്കും ആരോഗ്യ മേഖലയിൽ വരുന്ന മറ്റ് ഭീഷണികൾക്കും എതിരെ നാം നടത്തിയ പ്രവർത്തനങ്ങളുടെ അനുഭവവും, നിപ്പയും കൊവിഡും മറ്റ് പകർച്ചവ്യാധികളുമെല്ലാം നേരിടാൻ കേരളത്തിലെ ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളുമാണ് പ്രതിപാതിക്കുന്നത്. ഡൽഹി കേന്ദ്രമായ ജാഗർനട്ട് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
താൽപര്യമുള്ളവർ കക്ഷിരാഷ്ട്രീയത്തിനതീതമായി പുസ്തകം വായിച്ച് അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. വാങ്ങിവായിക്കുന്നുണ്ട്. തികച്ചും രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങൾ കാണുന്നതുകൊണ്ടാവാം ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായത്. ഇത് എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 

Latest News