Sorry, you need to enable JavaScript to visit this website.

ചിത്രാഞ്ജലി സ്റ്റുഡിയോ പാക്കേജ് പദ്ധതി പ്രവാസി  ചലചിത്രപ്രവർത്തകർക്കും ബാധകമാക്കി 

കൊച്ചി- കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോ പാക്കേജ് പദ്ധതി ഇനി മുതൽ പ്രവാസികളായ ചലച്ചിത്ര പ്രവർത്തകർക്കും കലാകാരന്മാർക്കും പ്രയോജനപ്പെടുത്താം. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോ പാക്കേജ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ചിത്രാഞ്ജലി സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സിനിമകൾക്ക് സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. ഇനി മുതൽ ഈ സൗകര്യം പ്രവാസികൾക്കും പ്രയോജനപ്പെടുത്താമെന്ന് നടനും എഴുത്തുകാരനും നിർമ്മാതാവുമായ ജോയ് കെ.മാത്യുവിന്റെ നിവേദനത്തിന് നൽകിയ മറുപടിയിൽ സർക്കാർ വ്യക്തമാക്കി. കൂടാതെ വനിതാ സംവിധായകരെയും പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട സംവിധായകരെയും പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ചലച്ചിത്ര പദ്ധതിയിലും ഈ വിഭാഗത്തിൽപ്പെട്ട പ്രവാസി കലാകാരന്മാർക്ക് അപേക്ഷ നൽകാം. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മുഖേനയുള്ള സർക്കാരിന്റെ ഒ.ടി.ടി. പദ്ധതി പ്രവർത്തന ക്ഷമമാകുമ്പോൾ പ്രവാസി ചലച്ചിത്രകാരന്മാരുടെ സിനിമകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുമെന്നും സർക്കാർ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന സിനിമകൾ ഓരോ രാജ്യത്തെയും സംസ്‌കാരവും രീതികളും പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം പങ്കു വയ്ക്കുമെന്നും കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും കഴിയുന്ന കലാകാരന്മാർക്കും അവരുടെ മക്കൾക്കും നിരവധി അവസരങ്ങൾ ഇത് വഴി ലഭ്യമാകുമെന്നും ജോയ് കെ.മാത്യു വ്യക്തമാക്കി. പ്രവാസത്തിൽ നിന്നുകൊണ്ട് കേരളത്തിലെ ചലച്ചിത്ര,ടെലിവിഷൻ മേഖലയിലെ അവസരങ്ങൾ വിനിയോഗിക്കാൻ കഴിയാത്ത ലക്ഷക്കണക്കിന് പ്രവാസി കലാകാരന്മാരാണ് വിദേശ രാജ്യങ്ങളിൽ താമസിക്കുന്നത്. ഏതാനും ദിവസത്തെ അവധിയെടുത്ത് നാട്ടിലെത്തി സിനിമകളിലോ ടെലിവിഷൻ പ്രോഗ്രാമുകളിലോ പങ്കാളികളാകുന്നതിലൂടെ യാത്രാ ചെലവും ശമ്പളമില്ലാത്ത അവധികളും സാമ്പത്തിക പ്രയാസത്തിനും ഇടയാക്കുന്നുണ്ട്. പ്രവാസത്തിലെ പരിമിതികൾക്കുള്ളിൽ നിന്ന് നിർമ്മിക്കുന്ന ചിത്രങ്ങൾ പോലും പ്രേക്ഷകർക്ക് മുൻപിലേയ്ക്ക് എത്തിക്കുന്നതിലും വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സും സംസ്ഥാന സർക്കാരും കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലെ പ്രവാസി മലയാളികൾക്കിടയിലെ കലാകാരന്മാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ജോയ് കെ.മാത്യു പ്രവാസികാര്യ വകുപ്പ് മന്ത്രി കൂടിയായസംസ്ഥാനമുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ജല വിഭവ വകുപ്പ്മന്ത്രിറോഷി അഗസ്റ്റിനുംആലപ്പുഴ എം.പി.അഡ്വ.എ.എം.ആരിഫിനും നോർക്ക റൂട്ട്‌സ് ഡയറക്ടർക്കും നിവേദനം നൽകിയത്.  പ്രവാസി മലയാളികളായ ചലച്ചിത്ര പ്രവർത്തകർക്കുംലക്ഷക്കണക്കിന് വരുന്ന കലാകാരന്മാർക്കും സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം ഏറെ ആശ്വാസമേകുമെന്നും താൻ പ്രവാസി കലാകാരന്മാർക്കായി നിവേദനത്തിൽ ആവശ്യപ്പെട്ടതെല്ലാം സർക്കാർ പരിഹരിച്ചുവെന്നും ജോയ് കെ.മാത്യു അഭിപ്രായപ്പെട്ടു.
 

Latest News