5 മുതൽ 12 വയസു വരെയുള്ളവർക്ക് സേവനം ഡൊമസ്റ്റിക്, ഇൻറർനാഷണൽ വിമാനങ്ങളിൽ
കൊച്ചി- അഞ്ചു മുതൽ 12 വയസുവരെയുള്ള, തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്ക് പ്രത്യേക സേവനം ഒരുക്കി എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഡൊമസ്റ്റിക് സർവീസിലും ഇന്റർനാഷണൽ ഫ്‌ളൈറ്റുകളിലും ഈ സൗകര്യം ലഭിക്കും. അതുവഴി മാതാപിതാക്കളുടെ ആശങ്ക ഒഴിവാക്കുക മാത്രമല്ല കുട്ടികൾക്ക് അവരുടെ യാത്ര ആസ്വദിക്കുകയും ആനന്ദകരമാക്കുകയും ചെയ്യാം. എയർലൈനിന്റെ വൈബ്‌സൈറ്റിലൂടെയും എയർപോർട്ട് സെയിൽസ് കൗണ്ടറിലൂടെയും 5000 രൂപ മുതലുള്ള നിരക്കുകളിൽ ഈ സർവീസ് ബുക്ക് ചെയ്യാം.
എയർപോർട്ട് സെക്യൂരിറ്റി ചെക്കിനു മുമ്പു തന്നെ കുട്ടികൾക്ക് സേവനം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തുടർന്ന് എയർപോർട്ടിലെ എല്ലാ യാത്രാ പരിശോധനകൾക്കും കുട്ടികൾക്ക് സഹായം ലഭിക്കും. കുട്ടിയുടേയും മാതാപിതാക്കളുടെ അല്ലെങ്കിൽ രക്ഷിതാവിന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഡിപ്പാർച്ചർ സമയത്തും അറൈവൽ സമയത്തും ഉണ്ടായിരിക്കണം. ഡൊമസ്റ്റിക് യാത്രയ്ക്ക് രണ്ടു മണിക്കൂർ മുമ്പ് എയർപോർട്ടിൽ മാതാപിതാക്കളുടെ അല്ലെങ്കിൽ രക്ഷിതാവിന്റെ ഒപ്പം കുട്ടി എത്തിയിരിക്കണം. വിമാനം ഇറങ്ങിക്കഴിയുമ്പോൾ മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷിതാവിനെ കണ്ടെത്തും വരെ കുട്ടികൾക്ക് എയർലൈൻ സ്റ്റാഫിന്റെ സേവനം ലഭിക്കും.
പുതിയ സേവനം ഉറപ്പാക്കുക വഴി തനിയെ യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അവരുടെ ആകാശ യാത്ര ഏറെ സുഖപ്രദവും ആനന്ദകരവുമാക്കാൻ സഹായിക്കുമെന്ന് എയർ ഏഷ്യ ഇന്ത്യ ചീഫ് കമേഴ്‌സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു. കുട്ടിയാത്രക്കാർക്ക് എയർലൈനിന്റെ ഇൻ ഫ്‌ലൈറ്റ് എന്റർടെയിൻമെന്റ് ഹബ്ബായ എയർഫ്‌ലിക്‌സിന്റെ സേവനങ്ങൾ യാത്രയ്ക്കിടെ ലഭ്യമാണ്. ഗെയിംസ്, എഡ്യു ടെക് കണ്ടൻറ്, ആർട്ടിക്കിൾസ് ഒക്കെ എയർഫ്‌ലിക്‌സിൽ ലഭ്യമാക്കുന്നുണ്ട്.
എയർ ഇന്ത്യ എക്‌സ്പ്രസും എഐഎക്‌സ് കണക്റ്റും ലയിക്കുന്നതിന് മുന്നോടിയായി ഏകീകരിച്ച ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിരയിൽ ഏറ്റവും പുതിയതാണ് തനിയെ യാത്രചെയ്യുന്ന കുട്ടികൾക്കുള്ള പ്രത്യേക സേവനങ്ങൾ. കമ്പനിയുടെ ഇൻ ഫ്‌ലൈറ്റ് ഡൈനിംഗ് ബ്രാൻഡായ 'ഗൊർമേർ' വ്യത്യസ്തതരത്തിലുള്ള ഭക്ഷണം വിളമ്പുന്നതിന് പേരുകേട്ടതാണ്. കുട്ടികൾക്കുള്ള സ്‌പെഷ്യൽ ഫുഡ്ഡ് ഉൾപ്പെടെ വീഗൻ, ജെയിൻ, മാസ്റ്റർ ഷെഫ് സ്‌പെഷ്യലുകൾ തുടങ്ങിയവയെല്ലാം ഇതിൽ ലഭ്യമാണ്.