മലപ്പുറം - മമ്പാട് വടപുറം താളിപ്പൊയിലില്‍ വീണ്ടും കടുവയിറങ്ങി. ജനങ്ങളാകെ ഭീതിയിലാണ്. രണ്ടുമാസം മുന്‍പും ഈ പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു. ചാലിയാര്‍ തീരങ്ങളിലും ജനവാസ മേഖലയോടു ചേര്‍ന്ന കൃഷിയിടത്തും ചൊവ്വാഴ്ചയും ബുധനാഴ്ചയും കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇത് കടുവയുടേതാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. എടക്കോടു വനമേഖലയില്‍ നിന്നാണ് കടുവയെത്തിയതെന്ന് വനപാലകര്‍ പറഞ്ഞു. ചാലിയാര്‍ പുഴ മുറിച്ചുകടന്നാണ് കടുവ താളിപ്പൊയില്‍ ഭാഗത്തെ ജനവാസ മേഖലയോടു ചേര്‍ന്ന കൃഷിയിടത്തെത്തിയത്. വനം വകുപ്പ് സ്ഥലത്ത് നിരീക്ഷണങ്ങളും നടത്തി വരികയാണ്.