Sorry, you need to enable JavaScript to visit this website.

ബ്രിക്‌സ് അംഗത്വത്തിന് സൗദി അറേബ്യക്ക് ക്ഷണം

ജിദ്ദ - ബ്രിക്‌സ് ഗൂപ്പിൽ ചേരാൻ സൗദി അറേബ്യക്കും മറ്റു അഞ്ചു രാജ്യങ്ങൾക്കും ക്ഷണം. സൗദി അറേബ്യക്കു പുറമെ യു.എ.ഇ, ഈജിപ്ത്, അർജന്റീന, എത്യോപ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്കാണ് അടുത്ത വർഷാദ്യം മുതൽ ഗ്രൂപ്പിൽ ചേരാൻ ക്ഷണം ലഭിച്ചത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ ചേർന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് പുതുതായി ആറു രാജ്യങ്ങളെ കൂടി ഗ്രൂപ്പിന്റെ ഭാഗമായി മാറാൻ ക്ഷണിച്ചത്. നിലവിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ചു വികസ്വര രാജ്യങ്ങളാണ് ബ്രിക്‌സ് അംഗങ്ങൾ. പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്തി ഗ്രൂപ്പ് വിപുലീകരിക്കാൻ ജോഹന്നസ്ബർഗ് ഉച്ചകോടിയിൽ അഞ്ചു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. 
ഇത് രണ്ടാം തവണയാണ് ഗ്രൂപ്പ് വിപുലീകരിക്കാൻ ബ്രിക്‌സ് തീരുമാനിക്കുന്നത്. 2009 ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് ബ്രിക്‌സ് രൂപീകരിച്ചത്. 2010 ൽ ദക്ഷിണാഫ്രിക്കയെ കൂടി ഗ്രൂപ്പിൽ ഉൾപ്പെടുത്തി. ലോക ജനസംഖ്യയുടെ 40 ശതമാനവും ലോകത്തെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 25 ശതമാനത്തിലേറെയും ബ്രിക്‌സ് രാജ്യങ്ങളിലാണ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിനു പുറമെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ലുല ഡ സിൽവ എന്നിവർ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്തു. 
ഉക്രൈനിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇക്കഴിഞ്ഞ മാർച്ചിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാൽ റഷ്യൻ പ്രസിഡന്റ് വഌഡ്മിർ പുട്ടിൻ ഉച്ചകോടിക്കെത്തിയിരുന്നില്ല. വെർച്വൽ രീതിയിലാണ് പുട്ടിൻ ഉച്ചകോടിയിൽ പങ്കെടുത്തത്. ജോഹന്നസ്ബർഗ് പ്രഖ്യാപനത്തിൽ വിദേശ മന്ത്രി സെർജി ലാവ്‌റോവ് റഷ്യയെ പ്രതിനിധീകരിച്ചു. ചൊവ്വാഴ്ച ആരംഭിച്ച ത്രിദിന ബ്രിക്‌സ് ഉച്ചകോടി ഇന്നലെ സമാപിച്ചു. സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നതിനെ കുറിച്ച് അംഗരാജ്യ നേതാക്കൾ ഉച്ചകോടിയിൽ വിശകലനം ചെയ്തു. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്തു. 
യു.എ.ഇയെ ബ്രിക്‌സിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ പ്രശംസിച്ചു. ബ്രിക്‌സിലേക്കുള്ള എത്യോപ്യയുടെ പ്രവേശനത്തെ ഒരു മഹത്തായ നിമിഷം എന്ന് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹ്മദ് അലി വിശേഷിപ്പിച്ചു. പുതിയ അംഗങ്ങൾ ചേരുന്നത് ഗ്രൂപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പങ്കാളിത്ത ശ്രമങ്ങൾക്ക് പുതിയ ഉണർവ് നൽകുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിക്‌സിൽ ചേരാൻ 40 ലേറെ രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും 22 രാജ്യങ്ങൾ ഇക്കാര്യത്തിൽ ഔദ്യോഗിക അപേക്ഷ നൽകിയിട്ടുണ്ടെന്നും ദക്ഷിണാഫ്രിക്കൻ അധികൃതർ പറഞ്ഞു.
 

Latest News