ബുറൈദ- ബുറൈദയിലെ ഈത്തപ്പന വിപണിയിൽ 500 കോടി റിയാൽ നിക്ഷേപിച്ച് ഇന്ത്യൻ വ്യവസായി സുലൈമാൻ അൽ മൈമനി. ഈന്തപ്പന, കാരക്ക, കാരക്ക പലഹാരങ്ങൾ, കേക്കുകൾ, ചോക്കലേറ്റുകൾ, ക്രീമുകൾ എന്നിവ കൃഷി ചെയ്യുന്നതിനും സ്‌റ്റോർ ചെയ്യുതിനും പ്രദേശിക മാർക്കറ്റിൽ വിപണനം നടത്തുതിനും 35 ലേറെ വിദേശ രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതിനുമായാണ് സ്വദേശികളെ പോലും ഞെട്ടിക്കുന്ന തരത്തിൽ ഭീമമായ തുകയിറക്കാൻ ഇന്ത്യൻ വ്യവസായി സന്നദ്ധന്നായിരിക്കുന്നത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബുറൈദ ഈത്തപ്പഴ കാർണിവൽ കമ്മറ്റി ചെയർമാൻ കൂടിയായ അൽ ഖസീം ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ ആൽ സൗദ് ആണ് സുലൈമാൻ അൽ മൈമനിയുമായുളള കൂടിക്കാഴ്ചക്കു ശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്. കരാർ പ്രകാരം ഈന്തപ്പന വിപണിയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും സുലൈമാൻ അൽ മൈമനിക്കു നൽകുമെന്ന് വ്യക്തമാക്കിയ അൽ ഖസീം ഗവർണർ സൗദിക്കകത്തും പുറത്തുമുളള മറ്റു വ്യവസായികളെയും ഈന്തപ്പന വിപണിയിൽ നിക്ഷേപം നടത്താൻ സ്വാഗതം ചെയ്തു. വിഷ്വൻ 2030 ലക്ഷ്യമാക്കി അടുത്തിടെയായി സാമ്പത്തിക കുതിച്ചു ചാട്ടം ലക്ഷ്യമിട്ട് നിക്ഷേപ സംരഭകരെയും വ്യവസായികളെയും സൗദി വിപണിയിൽ പണമിറക്കുന്നതിൽ നിന്നു തടയുന്ന മുഴുവൻ നിയമക്കുരുക്കുകളും ലളിതമാക്കിക്കൊടുക്കുന്നതിനായി ഗവർണറുടെ നേതൃത്വത്തിൽ ഉന്നത സാമ്പത്തിക സമിതി രൂപീകരിച്ചിരുന്നു.