കൊച്ചി - കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്നും ഇതിന് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി. കെ എസ് ആര്‍ ടി സി. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത് അതുകൊണ്ട് തന്നെ ശമ്പള വിതരണത്തിന് ധനസഹായം ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ കെ എസ് ആര്‍ ടി സിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാനാകില്ലെന്നും കെ എസ് ആര്‍ ടി സിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.