തിരുവനന്തപുരം- കുറേനാളായി സി.പി.എം. പ്രാദേശിക നേതാക്കളുടെ കണ്ണിലെ കരടായി മാറിയ പേട്ട പോലീസ് സ്റ്റേഷനില്‍ പാര്‍ട്ടി നടത്തിയ 'അട്ടിമറി' ഏറക്കുറെ വിജയിച്ചു. ചൊവ്വാഴ്ച വൈകീട്ട് പേട്ട സ്റ്റേഷനില്‍ ഉണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായി രണ്ട് എസ്.ഐ.മാരെയും ഒരു ഡ്രൈവറെയും സ്ഥലം മാറ്റി. എസ്.ഐ.മാരായ എം.അഭിലാഷ്, എസ്.അസീം എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. ഡ്രൈവര്‍ മിഥുനെ എ.ആര്‍.ക്യാമ്പിലേക്ക് തിരിച്ചയച്ചു.
ചൊവ്വാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പേട്ട പോലീസ് സ്റ്റേഷനില്‍ തള്ളിക്കയറാന്‍ ശ്രമിച്ചതും പോലീസ് ലാത്തി വീശി തടഞ്ഞതും സ്റ്റേഷന്‍ പരിസരത്ത് ഏറെനേരം സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഡി.വൈ.എഫ്.വൈ. പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതിന്റെ പേരില്‍ സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എല്‍.എ. സ്റ്റേഷനില്‍ എത്തി പോലീസുകാരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവരെയുണ്ടായി.
ചൊവ്വാഴ്ച വൈകീട്ട് ഒരുവാതില്‍ക്കോട്ടയില്‍ നടന്ന വാഹന പരിശോധനക്കിടെ ഹെല്‍മെറ്റ് ധരിക്കാതെ വന്ന ഡി.വൈ.എഫ്.ഐ. നേതാവിന് പിഴത്തുക എഴുതി നല്‍കിയതാണ് സ്റ്റേഷനു മുന്നിലെ സംഘര്‍ഷത്തിലേക്കും പ്രതിഷേധത്തിലേക്കും എത്തിയത്. സ്റ്റേഷന് മുന്നിലെ സമരം അവസാനിപ്പിക്കുന്നതിനായി സി.പി.എം. ജില്ലാ സെക്രട്ടറിയും സിറ്റി പോലീസ് കമ്മിഷണറും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ മാറ്റിയത്.
ഡി.വൈ.എഫ്.ഐ. നേതാവ് നിഥിന്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ നര്‍ക്കോട്ടിക് എ.സി. ബാലകൃഷ്ണനെ ചുമതലപ്പെടുത്തി. പേട്ട പോലീസ് സ്റ്റേഷനില്‍ വെച്ച് ഇരുമ്പു കമ്പി ഉപയോഗിച്ച് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. അടുത്ത ദിവസം അന്വേഷണസംഘം പേട്ട സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിക്കും. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ എസ്.ഐ.മാര്‍ സിറ്റി കമ്മിഷണര്‍ ഓഫീസിലെ ജില്ലാ ക്രൈംബ്രാഞ്ചില്‍ തുടരണം.
പേട്ട സ്റ്റേഷനിലേക്ക് തള്ളിക്കയറുകയും ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ തള്ളിക്കയറാന്‍ ശ്രമിച്ച പ്രാദേശിക നേതാക്കളെയെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാമെങ്കിലും പേരെടുത്ത് പറഞ്ഞ് കേസെടുക്കേണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം.
സ്റ്റേഷന്‍ ആക്രമണ കേസായിട്ട് പോലും നിസാര വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍. തയാറാക്കിയിട്ടുള്ളത്. ഇതിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഈ നടപടി പോലീസുകാരുടെ മനോവീര്യത്തെ തന്നെ ബാധിക്കുമെന്നും ഇവര്‍ പറയുന്നു.
സി.പി.എം. നേതാക്കളുടെ നേതൃത്വത്തില്‍ പേട്ട സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതും ഉന്നത നേതാക്കളെത്തി നടത്തിയ പ്രതിഷേധവും ആസൂത്രിതമെന്ന് ആരോപണം.
നഗരത്തില്‍ അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്റ്റേഷനുകളിലൊന്നാണ് പേട്ട. ഇവിടെ പലപ്പോഴും സി.പി.എം. നേതാക്കളുടെ ഇടപെടല്‍ സംഘര്‍ഷത്തിലെത്താറുണ്ട്.
ഒരു മാസം മുമ്പ് ഒരു വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സ്റ്റേഷനു മുന്നില്‍ സംഘര്‍ഷാവസ്ഥയിലെത്തിയിരുന്നു. പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുപോയ സംഭവം സംഘര്‍ഷത്തിലാവുകയും തുടര്‍ന്ന് സി.പി.എം., ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടുകയും ചെയ്തിരുന്നു. സി.പി.എം. നേതാക്കള്‍ പറഞ്ഞതനുസരിച്ച് ഏകപക്ഷീയമായി പോലീസ് കേസെടുത്തുവെന്നായിരുന്നു ബി.ജെ.പി. പ്രവര്‍ത്തകരുടെ ആരോപണം. തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.