തൃശൂര്‍- കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി യുവതികളോടൊപ്പം ചിത്രങ്ങളും വീഡിയോയും എടുത്ത് ബ്ലാക്‌മെയില്‍ ചെയ്ത സംഘത്തിലെ പ്രധാന പ്രതികള്‍ അറസ്റ്റിലായെങ്കിലും സംഭവത്തിലുള്‍പ്പെട്ടിരിക്കുന്ന കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജിതം. കേസില്‍ ആകെ ആറു പേരാണ് അറസ്റ്റിലായത്.
സംഘത്തിലെ പ്രധാനി വയനാട് സ്വദേശി നസീമയും ഇവരുടെ രണ്ടാം ഭര്‍ത്താവ് അക്ബര്‍ ഷായും കഴിഞ്ഞ ദിവസം ഗൂഡല്ലൂരില്‍ പിടിയിലായി. നേരത്തെ നാലു പേര്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു.
കൊടുങ്ങല്ലൂര്‍ വള്ളിവട്ടം തറയില്‍ ഇടവഴിയ്ക്കല്‍ ഷമീറിന്റെ ഭാര്യ ഷെമീന(26), തൃശൂര്‍ വെളപ്പായ കുണ്ടോളി ശ്യാം ബാബു(25), അവണൂര്‍ കാക്കനാട്ട് സംഗീത് (28), ചേറ്റുപുഴ മുടത്തോളി അനീഷ് (34) എന്നിവരാണ് നേരത്തെ പിടിയിലായത്. നസീമയും അക്ബര്‍ ഷായും ഒളിവില്‍ കഴിയുന്നതിനിടെയാണ് ഗൂഡല്ലൂരില്‍ നിന്നു പിടിയിലായത്. കേസില്‍ ഇനിയും ചിലര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യും. ഇവരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിക്കും.