Sorry, you need to enable JavaScript to visit this website.

ലോറി സമരത്തിനിടെ കല്ലേറ്; ക്ലീനര്‍ മരിച്ചു

പാലക്കാട്- ലോറി സമരത്തെ തുടര്‍ന്ന് പാലക്കാട് കഞ്ചിക്കോട്ടുണ്ടായ സംഘര്‍ഷത്തില്‍ ക്ലീനര്‍ മരിച്ചു. ചരക്കുമായി സര്‍വീസ് നടത്തിയ ലോറിക്ക് നേരെയുണ്ടായ കല്ലേറിലാണ് മേട്ടുപ്പാളയം ചിന്നത്തെരുവ് സ്വദേശി മുബാറക് ബാഷ (21) മരിച്ചത്. മേട്ടുപ്പാളയം ചിന്നത്തെരുവ് ലോറി ഡ്രൈവര്‍ നൂറുല്ലക്ക് (26) പരിക്കേറ്റു. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ കഞ്ചിക്കോട് ഫെഡറല്‍ ബാങ്കിന് മുന്നില്‍ ബൈക്കിലും കാറിലുമായി എത്തിയ അജ്ഞാത സംഘം ലോറിക്ക് നേരെ കല്ലെറിയുകയായിരുന്നു. ലോറിയുടെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നാണ് ക്ലീനറുടെയും ഡ്രൈവറുടെയും ദേഹത്ത് കല്ല് വീണത്. നെഞ്ചില്‍ ഗുരുതരമായി പരിക്കേറ്റ മുബാറകിനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കസബ പോലീസെത്തി കഞ്ചിക്കോട് സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് ജില്ലാശുപത്രിയിലും എത്തിച്ചെങ്കിലും മരണമടയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കോയമ്പത്തൂര്‍ മേട്ടുപ്പാളയത്തു നിന്നു പച്ചക്കറിയുമായി ചെങ്ങന്നൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ അബ്ദു നിഷാദ്, യൂസഫ്, റിയാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഉടന്‍ തന്നെ അറസ്റ്റുണ്ടാകുമെന്നും ഡിവൈ.എസ്.പി വ്യക്തമാക്കി.
സംഭവവുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നും തമിഴ്‌നാട്ടിലാണ് ലോറിക്ക് കല്ലെറിയുന്നതെന്നും ലോറി ഉടമസ്ഥ സംഘം നേതാക്കള്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ആരംഭിച്ച ലോറി സമരം തിങ്കളാഴ്ച മുതല്‍ ശക്തമാക്കുമെന്നും ലോറി തടയുമെന്നും ലോറി ഉടമകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പച്ചക്കറി ലോറികളും തടയുമെന്ന് നേരത്തെ സമരക്കാര്‍ അറിയിച്ചിരുന്നു. ലോറി തടയാന്‍ ശ്രമിക്കുന്നതിനിടെ സമരക്കാരും ലോറി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് കല്ലേറില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
സി.സി.ടി.വി, ടോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി സംഭവത്തിന് വ്യക്തത വരുത്താനാണ് പോലീസ് ശ്രമം. ലോറി സമരത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അധികൃതര്‍ക്ക് നോട്ടീസയച്ചു. മുബാറക് ബാഷക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന കാര്യം പരിശോധിച്ച് പാലക്കാട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. മരണത്തിന് ഉത്തരവാദികളായവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സ്വീകരിച്ച മാര്‍ഗങ്ങള്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലുണ്ടാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഡീസല്‍ വില, ഇന്‍ഷുറന്‍സ് പ്രീമിയം, ടോള്‍ നിരക്ക് കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലോറി ഉടമകളും തൊഴിലാളികളും സമരം പ്രഖ്യാപിച്ചത്.

 

Latest News