കൊച്ചി- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ (ആർ.ആർ.വി.എൽ) ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യു.ഐ.എ) 8,278 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപം റിലയൻസ് റീട്ടെയിലിന്റെ പ്രീമണി ഓഹരി മൂല്യം 8.278 ലക്ഷം കോടിയാക്കി. ഈ നിക്ഷേപത്തിലൂടെ ആർആർവിഎല്ലിന്റെ 0.99 ശതമാനം ഓഹരികൾ ക്യുഐഎയുടെ സ്വന്തമാകും. വിവിധ ആഗോള നിക്ഷേപകരിൽ നിന്ന് 2020ൽ ആർആർവിഎൽ നടത്തിയ ഫണ്ട് സമാഹരണം മൊത്തം 47,265 കോടി രൂപയായിരുന്നു.
റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ നിക്ഷേപകരായി ക്യുഐഎയെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു. ക്യുഐഎയുടെ നിക്ഷേപം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്കും റിലയൻസിന്റെ റീട്ടെയിൽ ബിസിനസ് മോഡൽ, പ്രായോഗിക ആശയങ്ങൾ, നിർവഹണം എന്നിവയ്ക്കുള്ള അംഗീകാരമാണെന്ന് അവർ കൂട്ടിച്ചേർത്തു.