കണ്ണൂർ-മാവോയിസ്റ്റു സാന്നിധ്യം നിത്യസംഭവമായ കണ്ണൂരിലെ മലയോര മേഖലയിൽ ഇവർക്ക് കീഴടങ്ങാനുള്ള നിർദ്ദേശങ്ങളടങ്ങുന്ന പോസ്റ്ററുകൾ പോലീസ് വിവിധയിടങ്ങളിൽ പതിച്ചു. ഈയിടെയായി മാവോയിസ്റ്റുകൾ എത്തുകയും പ്രകടനം നടത്തുകയും മറ്റും ചെയ്ത ആറളം, വിയറ്റ്‌നാം, അമ്പായത്തോട്, കൊട്ടിയൂർ, പ്രദേശങ്ങളിലാണ് പോലീസ് പോസ്റ്ററുകൾ പതിച്ചത്. മാവോയിസ്റ്റുകൾക്ക് കീഴടങ്ങാൻ അവസരം ഒരുക്കിയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകളാണ് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പതിച്ചത്. അയ്യൻകുന്ന് ,ആറളം പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ മാവോയിസ്റ്റുകൾ എത്തി പ്രകടനവും പോസ്റ്ററുകളും പതിക്കുന്നത് പതിവായ സാഹചര്യത്തിലാണ് മാവോസ്റ്റുകൾ എത്താൻ ഇടയുള്ള ഇത്തരം പ്രദേശങ്ങളിൽ പോലീസ് പോസ്റ്ററുകൾ പതിച്ചത്.
കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടത്തി വരുന്നവർക്കായി കീഴടങ്ങലിനും പുനരധിവാസത്തിനുമായുള്ള ബൃഹത്തായ പദ്ധതികൾ കേരളസർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന കാര്യങ്ങളാണ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാവോയിസ്റ്റുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും പോസ്റ്ററിലുണ്ട്. ജില്ലാ റൂറൽ പോലീസ് മേധാവിയുടെ പേരിൽ പതിച്ച പോസ്റ്ററുകളിൽ ആറു സ്ത്രികൾ ഉൾപ്പടെ 18 പേരുടെ ഫോട്ടോയാണുള്ളത്. ഇവർ വിവിധ കേസുകളിൽ പ്രതികളാണ്, ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങൾ തരുന്നവർക്ക് പാരിതോഷികം നൽകുമെന്നും അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നു പോസ്റ്ററിൽ പറയുന്നു. സഞ്ജയ് ദീപക് റാവു, സി. പി. മൊയ്തീൻ, സോമൻ, ജയണ്ണ വിക്രം ഗൗഡ, സുരേഷ്, കോട്ട ഹോണ്ട രവി , രമേഷ് ചന്തു , വിമൽ കുമാർ , ലത,കവിത, സുന്ദരി ജിഷ, ഉണ്ണിമായ തുടങ്ങിവരുടെ ഫോട്ടോകളാണ് പോസ്റ്ററിൽ ഉള്ളത്. കീഴടങ്ങുന്ന മാവോദികൾ ആയുധങ്ങളും യുദ്ധോപകരണങ്ങളും സമർപ്പിക്കുന്ന പക്ഷം 35,000 രൂപ പാരിതോഷികം നൽകും. സർക്കാരിന്റെ ഭവന നയ പ്രകാരം വീട് അനുവദിക്കും. വിദ്യാഭ്യാസ ചെലവുകൾക്കായി 15,000 രൂപ വരെ ധനസഹായം നൽകും. കിഴടങ്ങുന്നയാൾക്ക് നിയമ പ്രകാരമുള്ള 25,000 രൂപവരെ വിവാഹസമയത്തോ വിവാഹം കഴിഞ്ഞ ഉടനെയോ നൽകും. കിഴടങ്ങുന്ന ആൾക്ക് അഞ്ച് ലക്ഷം രൂപ വരെ ലഭിക്കും , കൂടാതെ മറ്റ് തൊഴിലുകളിൽ ഏർപ്പെടാത്ത പക്ഷം പരമാവധി മൂന്നുന്നു വർഷം 10,000 രൂപവരെ പ്രതിമാസം പരിശീലന കാലവേതനം എന്ന നിലയിലും നൽകുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.