ദേശീയ തലത്തിൽ പ്രതിപക്ഷത്ത് ഐക്യമില്ലെന്നത് ന്യൂനത തന്നെയാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയും ജനസംഘവും കമ്യൂണിസ്റ്റ് പാർട്ടികളും മറ്റു പ്രതിപക്ഷ പാർട്ടികളുമെല്ലാം ഒറ്റക്കെട്ടായിരുന്നു.
പൊതു തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളേയുള്ളു. രണ്ടു ടേം പൂർത്തിയാക്കിയ മോഡി സർക്കാർ വീണ്ടും വരുമോ അതല്ല ഭരണമാറ്റം സംഭവിക്കുമോയെന്നെല്ലാം മാസങ്ങൾക്കകമറിയാം. കർണാടക വിജയത്തിന് ശേഷം കോൺഗ്രസ് വലിയ ആത്മവിശ്വാസത്തിലാണ്. രാഹുൽഗാന്ധി കന്യാകുമാരി മുതൽ കശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്ര മുതൽ തന്നെ മാറ്റം പ്രകടമായിരുന്നു. ദേശീയ മാധ്യമങ്ങൾ യാത്രയെ അവഗണിച്ചതൊന്നും രാഹുൽ കാര്യമാക്കിയില്ല. സമൂഹ മാധ്യമങ്ങൾ വഴിയായിരുന്നു കോൺഗ്രസ് പ്രചാരണം. അത് ഏശിയിട്ടുമുണ്ട്. കോൺഗ്രസിൽനിന്ന് സ്ഥാനമോഹികൾ മറുകണ്ടം ചാടുന്ന പ്രവണതയും ഇപ്പോഴില്ല. കർണാടകയിൽ ഇതിന്റെ റിവേഴ്‌സ് പരിപാടി തുടങ്ങിയിട്ടുമുണ്ട്. ഇന്ത്യ തിളങ്ങുന്നുവെന്ന് പറഞ്ഞ് 2004ൽ തെരഞ്ഞെടുപ്പിനെ നേരിട്ട വാജ്‌പേയിയുടെ അനുഭവമായിരിക്കും മോഡിക്കെന്ന് പ്രതിപക്ഷം പരസ്യമായി പറയാൻ തുടങ്ങി. എന്നിരുന്നാലും എൻ.ഡി.എ ക്യാമ്പ് നിരാശിതരൊന്നുമല്ല. ടൈംസ് നൗ ചാനൽ അടുത്തിടെ നടത്തിയ സർവേ റിപ്പോർട്ട് അവർക്കും പ്രതീക്ഷക്ക് വക നൽകുന്നു. ഐക്യമില്ലാത്ത പ്രതിപക്ഷം ഇരുനൂറ് കടക്കില്ലെന്നും മോഡിയുടെ നേതൃത്വത്തിൽ എൻ.ഡി.എ മുന്നൂറിൽപരം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നാണ് ടൈംസ് നൗ അഭിപ്രായ വോട്ടെടുപ്പിൽ തെളിഞ്ഞത്.
പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഈ വർഷം അവസാനം നാല് സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 224 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ടേസ്റ്റ് ഡോസാണിത്. മൂന്നിടത്തും ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു.മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് പോരാട്ടത്തിന് കളമൊരുങ്ങുന്നത്. ഇതിൽ ഛത്തീസ്ഗഡും രാജസ്ഥാനും മാത്രമാണ് നിലവിൽ കോൺഗ്രസിന്റെ കൈയിലുള്ളത്. എന്നാൽ ആഞ്ഞ് പിടിച്ചാൽ ഇത്തവണ മധ്യപ്രദേശിലടക്കം അട്ടിമറി നേട്ടം കൊയ്യാനാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച് കോൺഗ്രസിന്റെ തന്ത്രരൂപീകരണത്തിന്റെ ചുമതല വഹിക്കുന്ന കനുഗൊലു പ്രത്യേക സർവ്വേകൾ നടത്തിയിരുന്നു. ഛത്തീസ്ഗഡിൽ ഭരണം നിലനിർത്താനാകുമെന്നാണ് കനുഗൊലു നേതൃത്വത്തെ അറിയിച്ചത്. സംസ്ഥാനത്ത് നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ ഇത്തവണയും നേതൃത്വത്തെ തുണയ്ക്കുമെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലു നിരീക്ഷിച്ചു. കടുത്ത മത്സരം നടക്കുന്ന തെലങ്കാനയിൽ കോൺഗ്രസ് പ്രതാപം വീണ്ടെടുക്കാൻ നന്നായി വിയർക്കേണ്ടി വരും.
രാജസ്ഥാനിൽ ഭരണ വിരുദ്ധ വികാരം ശക്തമാണ്. ഇതിനെ മറികടക്കാൻ വരും ദിവസങ്ങളിൽ നടപടി കൈക്കൊള്ളേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്. മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ടും യുവ നേതാവും സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര വടംവലി ഇവിടെ കോൺഗ്രസിന് തലവേദന സൃഷ്ടിക്കാറുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചതോടെ സച്ചിന്റെ പിണക്കവും മാറി.
എന്നാൽ ദേശീയ തലത്തിൽ പ്രതിപക്ഷത്ത് ഐക്യമില്ലെന്നത് ന്യൂനത തന്നെയാണ്. അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ ഇലക്ഷൻ നടന്ന വേളയിൽ ജനതാ പാർട്ടിയും ജനസംഘവും കമ്യൂണിസ്റ്റ് പാർട്ടികളും മറ്റു പ്രതിപക്ഷ പാർട്ടികളുമെല്ലാം ഒറ്റക്കെട്ടായിരുന്നു.
2024ൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ തന്നെയാണ് സ്ഥാനാർത്ഥിയാക്കുന്നതെന്ന കാര്യം ഉറപ്പാണ്. നരേന്ദ്ര മോഡി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അടുത്ത വർഷവും ചെങ്കോട്ടയിൽ താൻ തന്നെ ദേശീയ പതാക ഉയർത്തുമെന്ന് മോഡി അവകാശപ്പെട്ടിരുന്നു.
മറുവശത്ത് പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരേയും നിർദേശിച്ചിട്ടില്ല. പ്രതിപക്ഷത്തെ 26 രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടുന്ന രാഷ്ട്രീയ സഖ്യമായ ഇന്ത്യയാണ് (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) ബി ജെ പിക്കെതിരെ മത്സരിക്കുന്നത്. അതിനാൽ തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കാൻ മുന്നണിക്ക് സാധിക്കില്ല.
കോൺഗ്രസ്, ഡി എം കെ, തൃണമൂൽ കോൺഗ്രസ്, ജെ ഡി യു, ശിവസേന (ഉദ്ധവ് താക്കറെ), എൻ സി പി, സി പി എം, സി പി ഐ, എസ് പി, ആം ആദ്മി പാർട്ടി, ആർ ജെ ഡി, ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), നാഷണൽ കോൺഫറൻസ്, മുസ്‌ലിം ലീഗ്, ആർ എസ് പി, കേരള കോൺഗ്രസ്, ജെ എം എം തുടങ്ങിയ പാർട്ടികളാണ് ഇന്ത്യ സഖ്യത്തിലുള്ളത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിഹാർ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാർ, എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാർ എന്നിവരെല്ലാം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിമാരിൽ പരിഗണിക്കപ്പെടുന്നവരാണ്. മമത ബാനർജി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പേരുകളും ഉയർന്നു വരുന്നുണ്ട്. അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുകയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിഎൽ പുനിയ പറഞ്ഞത് ശ്രദ്ധേയമാണ്. തെരഞ്ഞെടുക്കപ്പെടുന്ന എം.പിമാർ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണ് അദ്ദേഹം വാർത്താ ഏജൻസിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞത്.
കോൺഗ്രസ് നേതാക്കളുടെ പ്രചാരണ രീതി മാറിയിട്ടുണ്ട്. കർണാടക തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച അതേ വിജയ തന്ത്രമാണ് മധ്യപ്രദേശിലും പ്രയോഗിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. കർണാടകയിലേത് പോലെ 50 ശതമാനം കമ്മീഷൻ സർക്കാർ എന്ന പ്രചാരണത്തിനാണ് കോൺഗ്രസ് തുടക്കമിട്ടത്. കർണാടകക്ക് സമാനമായ സാഹചര്യമാണ് ഇപ്പോൾ മധ്യപ്രദേശിൽ നിലനിൽക്കുന്നതെന്നാണ് കനുഗോലു വിലയിരുത്തിയിട്ടുമുണ്ട്. കർണാടകയിൽ മുഖ്യമന്ത്രി ബസരാജ് ബൊമ്മൈ അടക്കമുള്ള മന്ത്രിമാർക്കെതിരായ അഴിമതി ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കിയാണ് കോൺഗ്രസ് ബി.ജെ.പിയെ വീഴ്ത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും സമാന രീതിയിൽ നേരിടാനാണ് കോൺഗ്രസ് തന്ത്രം. മധ്യപ്രദേശിൽ 50 ശതമാനം കമ്മീഷൻ സർക്കാരാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. അഴിമതി ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം ചൂടുപിടിപ്പിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് ഇത്തരം പ്രചാരണങ്ങൾ. ഒരു കരാറുകാരൻ ഈ വിഷയത്തിൽ കത്തയച്ചിരുന്നു. അദ്ദേഹത്തെ വിശ്വാസത്തിലെടുക്കണമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം ഗോശാല കരാറുകാരനാണ് മധ്യപ്രദേശ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. സർക്കാർ പദ്ധതികളിൽ 50 ശതമാനം കമ്മീഷൻ ഈടാക്കുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. തന്നെ പോലുള്ള നിരവധി പേർ കമ്മീഷൻ സമ്പ്രദായം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജനങ്ങളും സർക്കാരുകളും തമ്മിലുള്ള വിഷയങ്ങളാണിതെല്ലാം. എന്നാൽ ഇന്ത്യയിലെ രണ്ടു പ്രധാന പാർട്ടികളും ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നം ഇതല്ല. ഇരു പാർട്ടികളിലും ആഭ്യന്തര പ്രശ്‌നങ്ങൾ നിരവധിയാണ്. പലേടത്തും പൊട്ടിത്തെറിയുടെ വക്കിലാണ്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിൽ വിമതർ പരസ്യമായി രംഗത്തെത്തി. ഛത്തിസ്ഗഡിൽ ബി.ജെ.പി നേരത്തെ കാലത്തേ സ്ഥാനാർഥി പട്ടിക ഇറക്കിയത് ഇതേ കാരണത്താലാണ്. കോൺഗ്രസിലും പ്രശ്‌നങ്ങളേറെയാണ്. ഈസി വാക്കോവർ നേടാമെന്ന് കരുതുന്ന കേരളത്തിൽപോലും അത്ര സുഖകരമല്ല കാര്യങ്ങൾ.