മക്ക- ഇന്നലെ വൈകിട്ട് മക്കയിൽ ആഞ്ഞു വീശിയ കാറ്റിനും മഴക്കും അകമ്പടിയായെത്തിയ മിന്നൽ പിണരുകൾ മക്ക ക്ലോക് ടവറിനെയും ബാധിച്ചു. മിന്നലേറ്റു നിൽക്കുന്ന ക്ലോക് ടവറിന്റെ ചിത്രങ്ങളും വീഡിയോകളും നിരവധി പേർ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തു. മിന്നൽ ചിത്രങ്ങളും വീഡിയോകളും പകർത്താൻ മഴമേഘങ്ങൾ കണ്ടതോടെ ഉയരമുള്ള സ്ഥലങ്ങളിൽ പലരും സ്ഥാനം പിടിച്ചിരുന്നു.
വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ തീർഥാടകരെയും, സ്വദേശികളും വിദേശികളും അടക്കമുള്ള നഗരവാസികളെയും ഭീതിയിലാക്കി മക്കയിൽ ശക്തമായ പേമാരിയും കൊടുങ്കാറ്റുമാണ് ചൊവ്വാഴ്ച സന്ധ്യക്കുണ്ടായത്. ഇതോടൊപ്പം ശക്തമായ കൊടുങ്കാറ്റും ആഞ്ഞുവീശി.
നഗരത്തിൽ നിരവധി റോഡുകൾ വെള്ളത്തിലായി. വ്യാപാര സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും വെള്ളം കയറി. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മലവെള്ളപ്പാച്ചിലിൽ പെട്ട് കാറുകളിൽ ഒന്ന് ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ശക്തമായ കൊടുങ്കാറ്റിൽ മക്കയിൽ പലയിടത്തും കൂറ്റൻ ബിൽബോർഡുകൾ നിലംപതിച്ചു. വിശുദ്ധ ഹറമിനോട് ചേർന്ന ക്ലോക്ക് ടവറിനു മുകളിൽ ശക്തമായ മിന്നലേറ്റു. മിന്നൽ ഏതാനും സെക്കന്റുകൾ നീണ്ടുനിന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയും വൈറലായി. ക്ലോക്ക് ടവറിനേൽക്കുന്ന ഏറ്റവും ശക്തമായ മിന്നലാണിതെന്ന് എക്‌സ് പ്ലാറ്റ്‌ഫോം ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞു.
വിശുദ്ധ ഹറമിന്റെ മുറ്റത്ത് കൊടുങ്കാറ്റിൽ ശുചീകരണ തൊഴിലാളികളും അവരുടെ ഉപകരണങ്ങളും നിലംപതിക്കുകയും ദൂരേക്ക് തെറിച്ചുവീഴുകയും ചെയ്തു. ശക്തമായ കാറ്റിൽ തൊഴിലാളികൾക്ക് ബാലൻസ് നഷ്ടപ്പെടുകയും ശുചീകരണ ഉപകരണങ്ങൾ പിടിച്ചുവെക്കാൻ സാധിക്കാതെയാവുകയുമായിരുന്നു. അൽഅവാലി ഡിസ്ട്രിക്ടിലെ റോഡുകളിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.
ഹറമിന് പുറത്ത് തീർഥാടകർ അടക്കമുള്ളവർ കൊടുങ്കാറ്റിൽ തെറിച്ചുവീണു. സുരക്ഷാ വകുപ്പുകൾ സ്ഥാപിച്ച പ്ലാറ്റിക് ബാരിക്കേഡുകൾ അടക്കമുള്ള വസ്തുക്കൾ പാറിപ്പറന്നു. കൊടുങ്കാറ്റിൽ നിന്നും പേമാരിയിൽ നിന്നും രക്ഷപ്പെടാൻ ആളുകൾ പരക്കംപാഞ്ഞു. നിലത്തുവീണവർ അടക്കമുള്ളവരെ പിടിച്ചുവെച്ചും റോഡ് സൈഡിൽ ഭിത്തികളോടും കെട്ടിടങ്ങളോടും ചേർന്ന് നിന്നും സഹായിക്കാൻ മറ്റുള്ളവർ ശ്രമിച്ചു. തിരക്കേറിയ റോഡ് സൈഡിൽ സ്ഥാപിച്ച കൂറ്റൻ ബിൽബോർഡ് ദൂരേക്ക് തെറിച്ചുവീഴുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഴയും കാറ്റും ശമിച്ച ശേഷം മക്കയിലെയും പരിസരപ്രദേശങ്ങളിലെയും സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ വിദ്യാഭ്യാസ മന്ത്രാലയ സംഘങ്ങൾ ഫീൽഡ് സന്ദർശനങ്ങളിലൂടെ ഉറപ്പുവരുത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കനത്ത മഴക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളത് കണക്കിലെടുത്ത് മക്കയിലും ജുമൂമിലും ബഹ്‌റയിലും അൽകാമിലിലും ഇന്നലെ സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നു. മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ പഠനം നടന്നു. മക്ക ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റിക്കും സർവകലാശാലക്കു കീഴിൽ മറ്റു നഗരങ്ങളിലുള്ള കോളേജുകൾക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. യൂനിവേഴ്‌സിറ്റി വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകൾ നടന്നു.