Sorry, you need to enable JavaScript to visit this website.

സൗദിയിലെ സെക്കണ്ടറി സ്‌കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്നു

ജിദ്ദ - സർക്കാർ സെക്കണ്ടറി സ്‌കൂളുകളിൽ ഈ അധ്യയന വർഷം മുതൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. മുഴുവൻ സ്‌കൂളുകളിലും ആഴ്ചയിൽ രണ്ടു പിരീയഡുകൾ വീതമാണ് ചൈനീസ് പഠനത്തിന് നീക്കിവെക്കേണ്ടത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ നാലാം പിരീയഡ് ആണ് ചൈനീസ് പഠനത്തിന് നീക്കിവെക്കേണ്ടത്. ചൈനീസ് അറിയുന്ന അധ്യാപകരെ ചൈനീസ് ക്ലാസ് എടുക്കാൻ നിയോഗിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. 
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരത്തെ നടത്തിയ ബെയ്ജിംഗ് സന്ദർശനത്തിനിടെയാണ് സൗദിയിലെ എല്ലാ സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും ചൈനീസ് ഭാഷ ഒരു പാഠ്യപദ്ധതിയായി ഉൾപ്പെടുത്താനുള്ള പദ്ധതി വികസിപ്പിക്കാൻ ധാരണയായത്. സൗദി, ചൈനീസ് ഭരണാധികാരികളുടെ പ്രതീക്ഷകൾക്കൊത്ത് ഇരു രാജ്യങ്ങൾക്കുമിടയിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൈവരിക്കാൻ ശ്രമിച്ച് എല്ലാ മേഖലകളിലും സഹകരണത്തിന്റെയും ആശയവിനിമയത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച വിശ്വാസത്തിന്റെ ഭാഗമായാണ് സൗദി സ്‌കൂളുകളിലെ പാഠ്യപദ്ധതികളിൽ ചൈനീസ് ഭാഷ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിച്ചത്. 
ഇവന്റ് മാനേജ്‌മെന്റ്, നിയമ തത്വങ്ങൾ, ഭൗമശാസ്ത്രം, ബഹിരാകാശ ശാത്രം, സോഫ്റ്റ്‌വെയർ എൻജിനീയറിംഗ്, ബോഡി സിസ്റ്റങ്ങൾ, ആസൂത്രണം, മാർക്കറ്റിംഗ് കാമ്പയിനുകൾ, ഹെൽത്ത് കെയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങൾ സെക്കണ്ടറി വിദ്യാർഥികൾക്കായി പാഠ്യപദ്ധതികളിൽ പുതുതായി ഉൾപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
 

Latest News