തിരുവനന്തപുരം / കോഴിക്കോട് - 2018-ലെ ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചിട്ട നിലമ്പൂർ എം.എൽ.എ പി.വി അൻവ്വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പി.വി.ആർ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഭാഗിക തുറക്കലിന് അനുകൂല ഉത്തരവിട്ടത്. ഇതനുസരിച്ച് ചിൽഡ്രൻസ് പാർക്ക് മാത്രം തുറക്കാനാണ് അനുമതിയുള്ളത്. പി.വി.ആർ പാർക്കിന്റെ നിർമാണത്തിൽ പിഴവുളളതായി സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. നിർമാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റ് തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് നിലനില്‍ക്കെയാണ് പുതിയ അനുമതി. പാർക്ക് നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക പഠനം നടത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടി.