മലപ്പുറം - തുവ്വൂരില്‍ കൊലചെയ്യപ്പെട്ട കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരി സുജിതയും കേസില്‍ അറസ്റ്റിലായ വിഷ്ണുവും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ്. സുജിതയെ ഒഴിവാക്കുന്നതിനാണ് വിഷ്ണു പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അതിനൊപ്പം ആഭരണങ്ങള്‍ കവര്‍ച്ച നടത്താനും പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതികള്‍ സുജിതയെ ശ്വാസം മുട്ടിച്ച് കൊല്ലുകയും മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങള്‍ അഴിച്ചെടുത്ത ശേഷം കുഴിച്ചു മൂടുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ പ്രധാന പ്രതി വിഷ്ണു യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറിയാണ്. സുജിതയുടെ തിരോധാനത്തില്‍ അന്വേഷണത്തിന് മുമ്പില്‍ നിന്നിരുന്നയാളാണ് വിഷ്ണു. സുജിതയെ കണ്ടെത്താനാകാത്തതില്‍ പ്രതിഷേധിച്ച് യു ഡി എഫ് ഇന്ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. സുജിതയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം കാര്യക്ഷമമാക്കുക, തിരോധാനത്തിലെ ദുരൂഹത നീക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് തീരുമാനിച്ചിരുന്നത്. മാര്‍ച്ചിന്റെ തലേ ദിവസം രാത്രിയാണ് വിഷ്ണുവും സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവര്‍ പോലീസ് പിടിയിലായത്. കൊലപാതക വിവരം മറച്ചുവെച്ചതിന് വിഷ്ണുവിന്റെ പിതാവ് മുത്തു എന്ന് വിളിക്കുന്ന കുഞ്ഞുമോനെയും അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം കാണാതായ സുജിതയുടേത് തന്നെയെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.തുവ്വൂര്‍ പള്ളിപ്പറമ്പ് സ്വദേശി മനോജിന്റെ ഭാര്യയാണ് സുജിത. ആഗസ്റ്റ് 11 മുതല്‍ സുജിതയെ കാണാതായിരുന്നു. സംഭവ ദിവസം ചികിത്സയ്ക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു സുജിത വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ നേരെ വിഷ്ണുവിന്റെ വീട്ടിലേക്കാണ് പോയത്. വീട്ടിലേക്ക് വരാന്‍ വിഷ്ണു ആവശ്യപ്പെടുകയാണുണ്ടായതതെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ കാത്ത് നിന്ന പ്രതികള്‍ സുജിത വീട്ടിലെത്തിയ ഉടന്‍ കൊലപ്പെടുത്തുകയായിരുന്നു.