പൂനെ- മഹാരാഷ്ട്രയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ അഞ്ച് മോഷ്ടാക്കളെയും മോഷണത്തിന് സമയം കുറിച്ച് നല്‍കിയ ജോത്സ്യനെയും പോലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ ബാരാമതിയിലാണ് സംഭവം. നഗരത്തിന് പുറത്ത് താമസിക്കുന്ന ബിസിനസുകാരനായ സാഗര്‍ ഗോഫനെ എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
വീട്ടില്‍ അതിക്രമിച്ച് കയറിയ കവര്‍ച്ചാ സംഘം സാഗറിനെ അടിച്ച് വീഴ്ത്തി ഭാര്യയെ കെട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷം ഒരു കോടിയോളം രൂപ മോഷ്ടിച്ചെന്നാണ് പരാതി. 95 ലക്ഷം രൂപയും 11 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സാഗറിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് മോഷ്ടാക്കള്‍ക്കായി വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് മോഷ്ടാക്കളായ സച്ചിന്‍ ജഗ്ധാനെ, റെയ്ബ ചവാന്‍, രവീന്ദ്ര ഭോസാലെ, ദുര്യോധനന്‍ എന്ന ദീപക് ജാദവ്, നിതിന്‍ മോര്‍ എന്നിവര്‍ പിടിയിലാകുന്നത്. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് മുന്നെ നല്ല സമയം തേടി ജോത്സ്യനെ സമീപിച്ച വിവരം പുറത്തറിയുന്നത്. ജോത്സ്യന്‍ കുറിച്ച് തന്ന സമയത്താണ് മോഷണം നടത്തിയതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് മോഷണത്തിന് സമയം കുറിച്ച് നല്‍കിയ ജോത്സ്യന്‍ രാമചന്ദ്ര ചാവയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മോഷ്ടിക്കപ്പെട്ട പണത്തില്‍ 75 ലക്ഷം രൂപ തിരിച്ച് പിടിച്ചതായും പൂനെ റൂറല്‍ പോലീസ് അറിയിച്ചു.