Sorry, you need to enable JavaScript to visit this website.

സൗദിയിലുള്ളവര്‍ ഹജ് അടുത്ത വര്‍ഷത്തേക്ക് മാറ്റണമെന്നത് വ്യാജ വാര്‍ത്ത; രജിസ്‌ട്രേഷന്‍ തുടരുന്നു

റിയാദ് - ആഭ്യന്തര ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയിട്ടില്ലെന്നും ഇ-ട്രാക്ക് വഴി ഇപ്പോഴും രജിസ്‌ട്രേഷൻ തുടരുകയാണെന്നും ഹജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിൻതൻ വ്യക്തമാക്കി. വിദേശങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരുടെ എണ്ണം വൻതോതിൽ വർധിച്ചതിനാൽ ഈ വർഷം ആഭ്യന്തര ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയതായി അറിയിക്കുന്ന സന്ദേശം കഴിഞ്ഞ ദിവസം നിരവധി പേർക്ക് ലഭിച്ചിരുന്നു. ഈ സന്ദേശം സാമൂഹിക മാധ്യമ ഉപയോക്താക്കൾ പങ്കുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ ഹജ്, ഉംറ മന്ത്രി വിശദീകരണം നൽകിയത്. 
സാമൂഹിക മാധ്യമ ഉപയോക്താക്കൾ പങ്കുവെച്ച സന്ദേശം തീർത്തും തെറ്റാണെന്ന് മന്ത്രി പറഞ്ഞു. ഇ-ട്രാക്കിൽ  ഇപ്പോഴും രജിസ്‌ട്രേഷൻ തുടരുകയാണ്. ദുൽഹജ് ഏഴു വരെ ഇ-ട്രാക്ക് വഴി ഹജ് രജിസ്‌ട്രേഷന് അവസരമുണ്ട്. വ്യാജ സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് മന്ത്രാലയം അന്വേഷണം നടത്തും. സൗദി പൗരന്മാരും വിദേശികളും തുടർച്ചയായി ഇ-ട്രാക്ക് സന്ദർശിക്കുന്നുണ്ട്. ഈ സന്ദേശം തീർത്തും തെറ്റാണെന്ന് ഇത് വ്യക്തമാക്കുന്നതായും മന്ത്രി പറഞ്ഞു. 
കുത്സിത ലക്ഷ്യത്തോടെയുള്ള വ്യാജ സന്ദേശമാണ് പ്രചരിക്കുന്നതെന്ന് ആഭ്യന്തര ഹജ് സർവീസ് കമ്പനി ഏകോപന സമിതി പ്രസിഡന്റ് അബ്ദുറഹ്മാൻ അൽഹഖ്ബാനി പറഞ്ഞു. ഇതിന് സത്യവുമായി ഒരു ബന്ധവുമില്ല. കിംവദന്തി പ്രചരിപ്പിക്കുന്നതിനും ആളുകൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നതിനുമാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർ ലക്ഷ്യമിടുന്നത്. ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന് സദൃശമായ അജ്ഞാത സൈറ്റ് ആണ് വ്യാജ സന്ദേശത്തിന്റെ ഉറവിടം. ഇത്തരം സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ഇവ പ്രചരിപ്പിക്കരുത്. കുത്സിത ലക്ഷ്യത്തോടെയുള്ള കിംവദന്തികൾ ശ്രദ്ധിക്കരുത്. വാർത്തകൾക്ക് വിശ്വാസയോഗ്യമായ ഉറവിടങ്ങൾ അവലംബിക്കണമെന്നും അബ്ദുറഹ്മാൻ അൽഹഖ്ബാനി ആവശ്യപ്പെട്ടു.
'ഈ വർഷം വിദേശങ്ങളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം വലിയ തോതിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്ത്, രാജാവിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ആഭ്യന്തര തീർഥാടകർക്ക് അവസരം നിഷേധിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്നവർ അടുത്ത വർഷം ഹജ് നിർവഹിക്കുന്നതിന് അവസരം ലഭിക്കുന്ന് ഉറപ്പുവരുത്തുന്നതിന് എത്രയും വേഗം ഹജ്, ഉംറ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം' എന്ന് ആവശ്യപ്പെടുന്ന സന്ദേശമാണ് ആളുകൾക്ക് ലഭിച്ചത്. 
ആഭ്യന്തര ഹജ് തീർഥാടകർക്കു നീക്കിവെച്ച സീറ്റുകളിൽ 70 ശതമാനവും തീർന്നുപോയതായി കഴിഞ്ഞ ദിവസം ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. ദുൽഖഅ്ദ ഒന്നിനാണ് ഇ-ട്രാക്ക് വഴി ആഭ്യന്തര തീർഥാടകരുടെ ഫൈനൽ രജിസ്‌ട്രേഷൻ ആരംഭിച്ചത്. പ്രാഥമിക രജിസ്‌ട്രേഷന് റമദാൻ 15 മുതൽ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഈ വർഷം 193 കമ്പനികളും സ്ഥാപനങ്ങളുമാണ് ആഭ്യന്തര തീർഥാടകർക്ക് സേവനം നൽകുന്ന മേഖലയിൽ പ്രവർത്തിക്കുന്നത്. 


 

Latest News