Sorry, you need to enable JavaScript to visit this website.

അബുദാബിയിലെ ക്രിസ്ത്യന്‍ പള്ളി നിര്‍മാണത്തിന് പത്തുലക്ഷം ദിര്‍ഹം സംഭാവന നല്‍കി എം.എ യൂസഫലി

അബുദാബി- അബുദാബിയിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യന്‍ പള്ളികളിലൊന്നായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന് പുതിയ കെട്ടിടം പണിയുന്നതിന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി പത്തുലക്ഷം ദിര്‍ഹം (രണ്ടേകാല്‍ കോടിയിലധികം രൂപ) സംഭാവന ചെയ്തു.

കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എല്‍ദോ എം. പോള്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം മെയില്‍ പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

'നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ 40 ശതമാനത്തോളം പൂര്‍ത്തിയായി. അടുത്ത മാസം അവസാനത്തോടെ കെട്ടിടത്തിന്റെ അടിസ്ഥാന ഘടന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തോടെ മുഴുവന്‍ ജോലികളും പൂര്‍ത്തിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- ഫാദര്‍ പോള്‍ പറഞ്ഞു.

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യു.എ.ഇയേക്കാള്‍ പഴക്കമുള്ളതാണ്. 1970 ല്‍ യു.എ.ഇയുടെ സ്ഥാപക പിതാവ് പരേതനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ നഗരത്തിലെ ഖാലിദിയ ഏരിയയില്‍ പള്ളിക്ക് തറക്കല്ലിട്ടു. 1983 ല്‍ പള്ളി മുഷ്‌രിഫ് ഏരിയയിലേക്ക് മാറ്റി. 2004ല്‍ പള്ളി ഒരു കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 39 വര്‍ഷം പഴക്കമുള്ള പള്ളി കെട്ടിടം പൊളിച്ചു. ഡിസംബറില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.

യു.എ.ഇ നേതൃത്വത്തിന്റെ നിരന്തരമായ പിന്തുണ സഭക്കുള്ളതായി ഫാദര്‍ പോള്‍ എടുത്തുപറഞ്ഞു. 'യു.എ.ഇയുടെ പക്വമായ നേതൃത്വത്തിന്റെയും പ്രാദേശിക അധികാരികളുടെയും തുടര്‍ച്ചയായ പിന്തുണയെ ഞാന്‍ അഭിനന്ദിക്കുന്നു.
പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍, പരിസരത്ത് പുതുതായി നിര്‍മ്മിച്ച ഹാളില്‍ പതിവ് ആരാധന നടക്കുന്നു. 25 ദശലക്ഷം ദിര്‍ഹം ചെലവില്‍ മൊത്തം പദ്ധതി രണ്ട് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. ആദ്യഘട്ടത്തില്‍ 10 ദശലക്ഷം ദിര്‍ഹം ചെലവഴിച്ചാണ് പുതിയ ഹാള്‍ നിര്‍മിക്കുന്നത്. രണ്ടാം ഘട്ടത്തില്‍, കത്തീഡ്രലിന്റെ പുതിയ കെട്ടിടത്തിന് 15 ദശലക്ഷം ദിര്‍ഹം ആവശ്യമാണ്.

 

 

Latest News