പത്തനംതിട്ട- റാന്നി നിയമസഭാ മണ്ഡലത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതികൾക്കായി ഇതുവരെ 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ട നിർമാണോദ്ഘാടനം കൊറ്റനാട് ട്രിനിറ്റി മർത്തോമ പാരീഷ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം. ജലജീവൻ മിഷൻ സംസ്ഥാനത്ത് മികച്ച രീതിയിൽ നടപ്പിലാക്കി വരികയാണ്. സർക്കാർ 18.5 ലക്ഷം പുതിയ കണക്ഷനുകൾ കഴിഞ്ഞ വർഷങ്ങളിൽ നൽകിയിട്ടുണ്ട്. കൊറ്റനാട് ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും.കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 4706 കുടുംബങ്ങൾക്ക് പ്രവർത്തനക്ഷമമായ ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിന് ജൽജീവൻ മിഷൻ വഴി 50.51 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. പ്രവൃത്തിയുടെ പൂർത്തീകരണത്തോടെ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി. സാം, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ എന്നിവർ സംബന്ധിച്ചു.