അമൃതസര്‍- ഗുജറാത്തിലെ മാര്‍ക്കറ്റുകളില്‍ വിതരണത്തിന് ആയുര്‍വേദ സിറപ്പ് നിര്‍മ്മിക്കുന്ന പഞ്ചാബിലെ ഫാക്ടറിയില്‍ പോലീസ് റെയ്ഡ്. രണ്ട് ലക്ഷം കുപ്പി സിറപ്പ് നിര്‍മ്മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. ആള്‍ക്കഹോള്‍ അടങ്ങിയ സിറപ്പ് ആണിത്.
പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഈ ആല്‍ക്കഹോള്‍ ആയുര്‍വേദ സിറപ്പ് ഗുജറാത്തിലുടനീളമുള്ള വെറ്റിലക്കടകളില്‍ ആയുര്‍വേദ ഔഷധ പാനീയമായാണ് വിപണനം ചെയ്യുന്നത്.
പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലെ ഫാക്ടറിയുടെ ചുമതലയുള്ള പങ്കജ് ഖോസ്‌ലയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അഹമ്മദാബാദിലെ ചംഗോദറില്‍ സമാനമായ റാക്കറ്റിനെ ദേവഭൂമി ദ്വാരക പോലീസ് പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്.
പഞ്ചാബിലെ ഫാക്ടറിയില്‍ റെയ്ഡ് നടത്തി ഖോസ്‌ലയെ ചോദ്യം ചെയ്തപ്പോള്‍, എക്‌സൈസ്, ഫുഡ്‌സ് ആന്‍ഡ് ഡ്രഗ്‌സ് വകുപ്പുകളുടെ നിബന്ധനകളും വ്യവസ്ഥകളും ദുരുപയോഗം ചെയ്യുന്നതായി മനസ്സിലായതായി ദേവഭൂമി ദ്വാരക പോലീസ് സൂപ്രണ്ട് (എസ്പി) നിതേഷ് പാണ്ഡെ പറഞ്ഞു. നല്ല ലഹരിയുള്ള മദ്യമാണ് ആയുര്‍വേദ ചേരുവകള്‍കൂടി ചേര്‍ത്ത് സിറപ്പ് ആയി നല്‍കിയിരുന്നത്.
പ്രതികള്‍ ഗുജറാത്തില്‍ മദ്യ സിറപ്പ് വില്‍ക്കുകയും ഗുജറാത്തിലേക്ക് വസ്തുക്കള്‍ കൊണ്ടുപോകുന്നതിനായി വ്യാജ ജി.എസ്.ടി നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ ബില്ലുകള്‍ ഉണ്ടാക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.