Sorry, you need to enable JavaScript to visit this website.

നൂറ്റിയാറാം വയസിലും വോട്ട് ചെയ്യാനെത്തുമെന്ന് ശോശാമ്മ

കോട്ടയം -''ഇത്തവണയും വോട്ട് ചെയ്യും. ഇതുവരെ വോട്ട് ചെയ്യാതിരുന്നിട്ടില്ല'' 106 വയസുള്ള ശോശാമ്മ കുര്യാക്കോസ് ജില്ലാ കലക്ടർ വി. വിഗ്നേശ്വരിയോടു പറഞ്ഞു. ഉപതെരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ ശോശാമ്മ കുര്യാക്കോസിനെ ആദരിക്കാനായി മീനടം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ മാളിയേക്കൽ വീട്ടിലെത്തിയതായിരുന്നു കലക്ടർ.
 
വോട്ട് ചെയ്യാൻ തുടങ്ങിയിട്ട് നാളിതുവരെ സമ്മതിദാനാവകാശം മുടക്കിയിട്ടില്ല ശോശാമ്മ. അഞ്ചുതലമുറ പിന്നിട്ട മാളിയേക്കൽ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ ശോശാമ്മ കഴിഞ്ഞലോക്സഭാ തെരഞ്ഞെടുപ്പു വരെ മീനടം എൽ.പി. സ്‌കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. വീടിനു തൊട്ടരികിലാണ് ബൂത്ത്. ശാരീരിക അവശതകളെത്തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വീട്ടിലിരുന്നുതന്നെ വോട്ടവകാശം രേഖപ്പെടുത്താവുന്ന 12ഡി പ്രകാരമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇത്തവണയും അതുതന്നെയാണ് പ്രയോജനപ്പെടുത്തുക.
 ശാരീരികവിഷമതകൾ മൂലം വീൽച്ചെയറിലാണ് ശോശാമ്മ. ഏതാനും നാൾമുമ്പ് വരെ പരസഹായത്തോടെ നടക്കുമായിരുന്നു. അടുത്തിടെയുണ്ടായ വീഴ്ചയേത്തുടർന്ന് മുഴുവൻസമയം വീൽചെയറിൽ തന്നെയാക്കി. എങ്കിലും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്ന പഴയകാര്യങ്ങൾ അടക്കമുള്ളവ ശോശാമ്മ ഓർമിച്ചെടുത്തു. അഭിനന്ദനം അറിയിച്ച കലക്ടറോട് നാടെവിടെ എന്നായിരുന്നു ചോദ്യം. തമിഴ്നാട്ടിലെ മധുര എന്നറിയിച്ചപ്പോൾ മീനാക്ഷി ക്ഷേത്രത്തിന് അടുത്താണോ എന്നായിരുന്നു മറുചോദ്യം.

 ശോശാമ്മയ്ക്കു മൂന്നുമക്കളാണ് ഉള്ളത്. വനിതാ ശിശുസംരക്ഷണ ഓഫീസറായി സർക്കാർ സർവീസിൽ നിന്നു വിരമിച്ച മൂത്തമകൾ ഏലിയാമ്മ സ്‌കറിയയാണ് വീട്ടിൽ ശോശമ്മയ്ക്കൊപ്പം താമസിക്കുന്നത്. രണ്ടാമത്തെ മകൾ അച്ചാമ്മ നൈനാൻ ചെങ്ങന്നൂരിലാണ് താമസം. ഇളയമകൻ ഈപ്പൻ കുര്യാക്കോസ് യു.എസിലും. മൂത്തമകൾ ഏലിയാമ്മ സ്‌കറിയയുടെ പേരക്കുട്ടികളായ സക്കറിയ മാർക്കോസ്, എബിൻ ഏബ്രഹം എന്നിവരും കുടുംബവും ആദരിക്കലിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

 രാജ്യത്ത് വോട്ടിംഗ് സാക്ഷരത വർധിപ്പിക്കുന്നതിനും വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ മുഖ്യപരിപാടിയായ സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം) പദ്ധതിയുടെ ഭാഗമായാണ് മണ്ഡലത്തിലെ ഏറ്റവും മുതിർന്ന വോട്ടറെ ആദരിക്കാനും അനുമോദിക്കാനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ വോട്ടറുടെ വീട്ടിലെത്തിയത്. 106 വയസുള്ള ശോശാമ്മയുടെ മാതൃക പുതുതലമുറയടക്കം കണ്ടുപഠിക്കേണ്ടതാണെന്നും എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും കലക്ടർ പറഞ്ഞു.
 സ്വീപ് നോഡൽ ഓഫീസറായ പുഞ്ച സ്പെഷൽ ഓഫീസർ, എം. അമൽ മഹേശ്വർ, തെരഞ്ഞെടുപ്പ് മീഡിയ നോഡൽ ഓഫീസറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, ഇലക്ഷൻ ലിറ്ററസി ക്ലബ് ജില്ലാ കോഡിനേറ്റർ ഡോ. വിപിൻ കെ. വർഗീസ്, ബി.എൽ.ഒ. ഉല്ലാസ് കോയിപ്രം എന്നിവർ സന്നിഹിതരായിരുന്നു.

Latest News