Sorry, you need to enable JavaScript to visit this website.

സൗദി ചേംബേഴ്‌സുമായി സഹകരണം ശക്തമാക്കാൻ ഇന്ത്യക്ക് ആഗ്രഹം -അംബാസഡർ

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇഅ്ജാസ് ഖാൻ അൽഖസീം ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽഹനായയുമായി കൂടിക്കാഴ്ച നടത്തുന്നു.

ബുറൈദ - ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് ഡയറക്ടർ ബോർഡുമായി സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായി ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇഅ്ജാസ് ഖാൻ പറഞ്ഞു. അൽഖസീം ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽഹനായയുമായി ബുറൈദയിൽ ചേംബർ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അംബാസഡർ. ഇരു രാജ്യങ്ങളിലെയും സ്വകാര്യ വ്യവസയികൾ തമ്മിലും ചേംബർ ഓഫ് കൊമേഴസുകളും വാണിജ്യ കമ്മിറ്റികളും തമ്മിലും സഹകരണം കൂടുതൽ വിപുലമാകണമെന്നാണ് പ്രത്യാശിക്കുന്നത്. 
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര പങ്കാളിത്തത്തിന്റെയും ഇടപാടുകളുടെയും അളവും, പരസ്പരം പ്രയോജനപ്പെടുത്തുന്ന നിക്ഷേപാവസരങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുകയും ആഗോള തലത്തിൽ പല വിഷയങ്ങളിലുമുള്ള ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകൾ തമ്മിലെ സമവായം സ്ഥിരീകരിക്കുകയും ചെയ്യുന്നതായി അംബാസഡർ പറഞ്ഞു. 
ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണത്തിന്റെ വഴികൾ ചരിത്രപരമാണെന്ന് അൽഖസീം ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽഹനായ പറഞ്ഞു. ഇത് വിവിധ തലങ്ങളിൽ ഇരു രാജ്യങ്ങളുടെയും ഉയർന്ന സ്ഥാനവും മഹത്തായതും യഥാർഥവുമായ സ്വാധീനവും പ്രതിഫലിപ്പിക്കുന്നതായി മുഹമ്മദ് അൽഹനായ പറഞ്ഞു.
അൽഖസീം ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറലിനൊപ്പം ഇന്ത്യൻ അംബാസഡർ ബുറൈദ ഈത്തപ്പഴ നഗരി സന്ദർശിക്കുകയും ഈത്തപ്പഴ കാർണിവൽ പരിപാടികൾ വീക്ഷിക്കുകയും സൂഖിൽ വിൽക്കൽ, വാങ്ങൽ ഇടപാടുകൾ നടത്തുകയും ചെയ്തു. ആഗോള പരിപാടിയായ ഈത്തപ്പഴ കാർണിവലിൽ അംബാസഡർ ആശ്ചര്യം പ്രകടിപ്പിച്ചു. കാർണിവൽ പ്രധാന ഭക്ഷ്യ, സാമ്പത്തിക, കാർഷിക സംഭവമാണെന്ന് വിശേഷിപ്പിച്ചു. 
 

Latest News