Sorry, you need to enable JavaScript to visit this website.

വരുമാനത്തിൽ മുന്നിൽ രാജധാനി എക്‌സ്പ്രസ്‌

കേരളത്തിലെ റെയിൽ പാളങ്ങളിലൂടെ നിരവധി ട്രെയിനുകൾ സർവീസ് നടത്തുന്നു. എന്നാൽ ഉടനീളം ചുവപ്പു നിറത്തിലുള്ള രാജധാനി എക്‌സ്പ്രസ് കടന്നു വരുന്നത് കണ്ടാൽ ആരും നോക്കിപ്പോവും. സ്‌റ്റോപ്പുകൾ വളരെ കുറവാണ്. അടുത്തിടെയായി കാസർകോടും തൃശൂരുമൊക്കെ സ്‌റ്റോപ്പായെങ്കിലും തുടങ്ങിയ കാലത്ത് ഇങ്ങനെയൊന്നുമായിരുന്നില്ല. മംഗലാപുരം കഴിഞ്ഞാൽ കോഴിക്കോട്. അതും കാറ്ററിംഗ് പർപ്പസ് പോലെ എന്തോ കാരണം പറഞ്ഞ്. അതു കഴിഞ്ഞാൽ എറണാകുളം, അതും കഴിഞ്ഞാൽ കേരള തലസ്ഥാനം. വടക്കൻ കേരളത്തിൽ കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഇ.കെ നായനാരായിരുന്നു അക്കാലത്ത് കേരള മുഖ്യമന്ത്രി. രാത്രി ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോകണം. നായനാർ തമാശ കലർത്തി പൊതുയോഗവും പ്രസംഗവും കഴിഞ്ഞ് വരുമ്പോഴേക്ക് രാത്രി 9ന് കണ്ണൂരിലെത്തുന്ന മലബാർ പുറപ്പെട്ടു കഴിഞ്ഞു. സ്റ്റേഷൻ മാസ്റ്ററോട് ഏതാടോ ഇനി തിരോന്തരത്തേക്കുള്ള വണ്ടിയെന്ന് അന്വേഷിച്ചു. രാജധാനി എന്നൊരു വേഗമേറിയ ട്രെയിൻ വരുന്നുണ്ട്. പക്ഷേ, അതിന് ഇവിടെ സ്റ്റോപ്പില്ല. പിന്നെ അതിനുള്ള വഴി അന്വേഷിച്ച നായനാരോട് ചെന്നൈയിലെ റെയിൽവേ ജനറൽ മാനേജറുമായി ബന്ധപ്പെടാനാണ് എസ്.എം പറഞ്ഞു കൊടുത്തത്. അങ്ങനെ കേരള ചീഫ് മിനിസ്റ്റർക്കായി അന്നാദ്യമായി രാജധാനി കണ്ണൂരിൽ നിർത്തി. നായനാരുണ്ടോ വിടുന്നു. യാത്രയിൽ രസം പിടിച്ച അദ്ദേഹം തലസ്ഥാനത്തെത്തിയപ്പോൾ പി.എസിനോട് ഇതു സംബന്ധിച്ച് റെയിൽവേയുമായി കത്തിടപാട് നടത്താൻ നിർദേശിക്കുകയായിരുന്നു. അങ്ങനെയാണ് പ്രസ്റ്റീജിയസ് ട്രെയിനായ രാജധാനി കണ്ണൂരിൽ സ്ഥിരമായി നിർത്തി തുടങ്ങിയത്. 
ഇപ്പോൾ രാജധാനി വീണ്ടും വാർത്തകളിൽ നിറഞ്ഞു. ഇപ്പോൾ എല്ലാവരും വന്ദേ ഭാരതിനെ വാഴ്ത്തുമ്പോഴും രാജധാനി എക്സ്പ്രസിന് തുല്യമായ ഒരു ട്രെയിൻ ഇല്ലെന്നതാണ് യാഥാർത്ഥ്യം. സൗകര്യം, കൃത്യനിഷ്ഠ തുടങ്ങിയ എല്ലാ കാര്യങ്ങളാലും ഈ ട്രെയിൻ സവിശേഷമാണ്. 2022-23ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ 100 ട്രെയിനുകളുടെ പട്ടിക വടക്കൻ റെയിൽവേ അടുത്തിടെ പുറത്തിറക്കി. അതിൽ ഒന്നാമത്തേത് രാജധാനി എക്‌സ്പ്രസ് ആണ്.   
വടക്കൻ റെയിൽവേയുടെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ട്രെയിനുകളുടെ പട്ടികയിൽ, 22692 എന്ന ട്രെയിൻ നമ്പറുള്ള ബാംഗ്ലൂർ രാജധാനി എക്സ്പ്രസാണ് ഒന്നാമത്. ഈ ട്രെയിൻ ദൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിൽനിന്ന് പുറപ്പെട്ട് കെ.എസ്.ആർ. ബാംഗ്ലൂരിലേക്ക് പോകുന്നു. 2022-23ൽ ഈ ട്രെയിനിൽ ആകെ 5,09,510 യാത്രക്കാർ യാത്ര ചെയ്തിട്ടുണ്ട്. ഇതിലൂടെ റെയിൽവേക്ക് ആകെ 1,76,06,66,339 രൂപയാണ് വരുമാനം ലഭിച്ചത്.
സീൽദാ രാജധാനി എക്‌സ്പ്രസാണ് രണ്ടാം സ്ഥാനം. 12314 സീൽദാ രാജധാനി എക്‌സ്പ്രസ്, ദേശീയ തലസ്ഥാനമായ ദൽഹിയിലെ ന്യൂദൽഹി സ്റ്റേഷനിൽ നിന്ന് പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലെ സീൽദാ സ്റ്റേഷനിലേക്ക് ഓടുന്നു. നിലവിൽ പട്ടികയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ ട്രെയിനാണിത്. 2022-23ൽ 5,09,162 യാത്രക്കാർ ഇതിൽ യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ റെയിൽവേ ഈ ട്രെയിനിൽ നിന്ന് 1,28,81,69,274 രൂപ നേടി. 
മൂന്നാം സ്ഥാനത്ത്  ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസാണ്. കഴിഞ്ഞ വർഷം 4,74,605 യാത്രക്കാരെ വഹിച്ചു. മൊത്തം 1,26,29,09,697 രൂപയാണ് ഈ യാത്രക്കാരിലൂടെ റെയിൽവേയ്ക്ക് ലഭിച്ചത്.
നാലാം സ്ഥാനം മുംബൈ രാജധാനി എക്‌സ്പ്രസിനാണ്. 12952 നമ്പറിലുള്ള മുംബൈ രാജധാനി എക്‌സ്പ്രസ് ന്യൂദൽഹിയിൽനിന്ന് മുംബൈ സെൻട്രലിലേക്കാണ് ഓടുന്നത്. 2022-23 വർഷത്തിൽ ആകെ 4,85,794 യാത്രക്കാർ ഈ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. ഈ ട്രെയിനിലൂടെ റെയിൽവേയ്ക്ക് 1,22,84,51,554 രൂപയുടെ വരുമാനം ലഭിച്ചു.
അഞ്ചാം സ്ഥാനത്ത് ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസാണ്. രാജധാനി എക്സ്പ്രസ് ട്രെയിനുകളിൽ, രാജ്യത്തെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന അഞ്ചാമത്തെ ട്രെയിനാണ് ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസ്.  ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഗതാഗത സേവനങ്ങളിലൊന്നാണ് ഇന്ത്യയുടെ റെയിൽ ശൃംഖല. ഈ ട്രെയിൻ സർവീസ് രാജ്യത്തെ എല്ലാ മുക്കിലും മൂലയിലും നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെ ബന്ധിപ്പിക്കുന്നു. ദിനംപ്രതി ദശലക്ഷക്കണക്കിന് ആളുകൾ ആണ് ഇതിൽ യാത്ര ചെയ്യുന്നത്. തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന രാജധാനി ട്രെയിൻ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു.

Latest News