ആലുവ- അങ്കമാലിയില്‍ വഴിയരികില്‍ 'മരിച്ച നിലയില്‍' കണ്ടെത്തിയ ആന്റണി ഏഴാംദിവസം ജീവനോടെ തിരിച്ചെത്തി. ആലുവ ചുണങ്ങംവേലി ഔപ്പാടന്‍ വീട്ടില്‍ ആന്റണി (68) ഇന്നലെ ഉച്ചയോടെയാണ് ചൂണ്ടിയില്‍ ബസിറങ്ങിയത്. ഇന്നലെ രാവിലെ പത്തിന് അടുത്ത ബന്ധുക്കളെല്ലാം പള്ളിയില്‍ ഒത്തുചേര്‍ന്ന് ഏഴാം ചരമദിന കുര്‍ബാന അര്‍പ്പിച്ച് കല്ലറയില്‍ പ്രാര്‍ത്ഥിച്ച ശേഷം ചായസത്കാരം നടത്തി പിരിഞ്ഞതിനു പിന്നാലെയാണ് 'പരേതന്‍' മടങ്ങിയെത്തിയത്. മരിച്ചത് ആന്റണിയാണെന്ന് കഴിഞ്ഞ 14ന് ബന്ധുക്കളും പഞ്ചായത്തംഗങ്ങളും 'തിരിച്ചറിഞ്ഞ'തിനെ തുടര്‍ന്ന് പോലീസ് മൃതദേഹം വിട്ടുനല്‍കിയിരുന്നു. തുടര്‍ന്ന് സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കരിച്ചു.
ബസിറങ്ങിയ ആന്റണി കണ്ടത് തന്റെ സുഹൃത്തായിരുന്ന സുബ്രഹ്മണ്യനെയാണ്. ആന്റണിയോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ സുബ്രഹ്മണ്യന്‍ പഞ്ചായത്തംഗം സ്‌നേഹ മോഹനനെയും ബന്ധുക്കളെയും അറിയിച്ചു. സഹോദരന്‍ പരേതനായ ജോസിന്റെ കീഴ്മാട് കുളക്കാടുള്ള വീട്ടിലേക്ക് ആന്റണിയെ എത്തിച്ചു. പിന്നാലെ ബന്ധുക്കളെല്ലാം ചേര്‍ന്ന് പള്ളിയിലെ ശവക്കല്ലറയിലേക്ക് ആന്റണിയെ കൊണ്ടുപോയി. തന്റെ പേരെഴുതി അലങ്കരിച്ച കല്ലറയ്ക്കു മുന്നില്‍ ചിന്താഭാരത്തോടെ ആന്റണി നിന്നു. പിന്നീട് ആന്റണിയെ അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പെരുമ്പാവൂരില്‍ ബസ് സ്റ്റാന്‍ഡിലും മറ്റുമായി കഴിയുകയായിരുന്നു ഇയാള്‍. സംഭവത്തിലെ ട്വിസ്റ്റ് ഇതാണ്. മരിച്ചയാള്‍ കോട്ടയം സ്വദേശി ജനാര്‍ദ്ദനന്‍ ആണെന്ന് സംശയിക്കുന്നു. ഇയാളെ എനിക്കറിയാം. അങ്കമാലിയില്‍ വച്ച് ഞാന്‍ ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ട്- സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ ബന്ധുക്കള്‍ എടുത്ത ചിത്രം കണ്ട് ആന്റണി പറഞ്ഞു.
മരിച്ചയാളുടെ പോക്കറ്റില്‍ നിന്ന് ജനാര്‍ദ്ദനന്‍ എന്ന പേരിലുള്ള കുറിപ്പ് പോാലീസ് കണ്ടെത്തിയിരുന്നെങ്കിലും തലയിലും കാലിലുമുണ്ടായിരുന്ന മുറിപ്പാടുകള്‍ കണ്ടാണ് ആന്റണിയാണെന്ന് ബന്ധുക്കള്‍ ഉറപ്പ് പറഞ്ഞത്. ഇതോടെ മൃതദേഹം വിട്ടുനല്‍കുകയായിരുന്നു.