ന്യൂദല്‍ഹി-ഇടുക്കി ജില്ലയിലെ നേര്യമംഗലത്ത് 2002-ല്‍ ഉണ്ടായ ബസപകടത്തിലെ പ്രതികളുടെ ശിക്ഷ സുപ്രീംകോടതി വെട്ടിച്ചുരുക്കി. അപകടത്തില്‍പെട്ട സ്വകാര്യ ബസിന്റെ ഡ്രൈവറുടേയും, ഉടമയുടേയും ശിക്ഷയാണ് വെട്ടിച്ചുരുക്കിയത്. ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ചിന്റേതാണ് ഉത്തരവ്.
നേര്യമംഗലം ബസപകടത്തില്‍ അഞ്ച് യാത്രക്കാര്‍ക്കായിരുന്നു ജീവന്‍ നഷ്ടപ്പെട്ടത്. ബസ് ഡ്രൈവര്‍ മാര്‍ട്ടിന്‍ എന്ന ജിനു സെബാസ്റ്റ്യനും, രണ്ടാം പ്രതിയും ബസിന്റെ ഉടമയുമായ അനില്‍ സെബാസ്റ്റ്യനും അഞ്ച് വര്‍ഷം കഠിന തടവാണ് ഹൈക്കോടതി വിധിച്ചിരുന്നത്. ജിനു സെബാസ്റ്റ്യന്റെ ശിക്ഷ 12 മാസമായി സുപ്രീം കോടതി വെട്ടിച്ചുരുക്കി. നിലവില്‍ പത്ത് മാസത്തോളം ജയിലില്‍ കഴിഞ്ഞിട്ടുള്ള ജിനുവിനെ രണ്ട് മാസം കൂടി കഴിഞ്ഞാല്‍ വിട്ടയക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
അനില്‍ സെബാസ്റ്റ്യന്‍ ഇതിനോടകം നാല് മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇനി ജയിലില്‍ കഴിയേണ്ട. എന്നാല്‍ ഏഴര ലക്ഷം രൂപ പിഴ കെട്ടിവയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഈ തുക മരിച്ച യാത്രക്കാരുടെ കുടുംബത്തിന് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഓരോ കുടുംബത്തിനും ഒന്നര ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ ശ്രീറാം പറക്കാട്, ആലിം അന്‍വര്‍ എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും ഹാജരായി.