മലപ്പുറം- മലപ്പുറം തുവ്വൂര്‍ കൊലപാതകത്തില്‍ നാലുപേര്‍ അറസ്റ്റില്‍. വീട്ടുടമ വിഷ്ണുവും സഹോദരങ്ങളും സുഹൃത്തുമാണ് അറസ്റ്റിലായത്.തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം റെയില്‍വേ പാളത്തിന് അടുത്തുള്ള വിഷ്ണു എന്ന യുവാവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറന്‍സിക് വിഭാഗം ഇതിനായി സ്ഥലത്തെത്തും. തുവ്വൂര്‍ കൃഷിഭവനില്‍ ജോലി ചെയ്തിരുന്ന സുജിത എന്ന യുവതിയെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. ഇവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയതെന്നാണ് സൂചന.
വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിട്ട കാര്യം പോലീസിനോട് പറഞ്ഞത്. മൃതദേഹം സുജിതയുടേതാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു കാണാതായ സുജിത. കഴിഞ്ഞ മാസം 11 മുതലാണ് ഇവരെ സ്ഥലത്ത് നിന്ന് കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് ഇന്ന് തുവ്വൂര്‍ പഞ്ചായത്തില്‍ മുന്‍പ് ജോലി ചെയ്തിരുന്ന വിഷ്ണു എന്ന യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഈ പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത. കരുവാരക്കുണ്ട് പോലീസാണ് കേസന്വേഷിക്കുന്നത്.