കൊച്ചി- മോന്‍സണ്‍ മാവുങ്കാലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. നിലവില്‍ കണ്ണൂരിലുള്ള അദ്ദേഹം രാവിലെ കൊച്ചി ഇഡി ഓഫീസില്‍ എത്തുമെന്നാണ് സൂചന. നേരത്തെ 18ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ ഹാജരായില്ല.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് സുധാകരനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്. മോന്‍സണുമായുള്ള ബന്ധം, ഇടപാടുകളുണ്ടായിരുന്നോ, മോന്‍സന്റെ വീട്ടില്‍വച്ച് കണ്ടുമുട്ടിയിട്ടുള്ള വ്യക്തികള്‍ എന്നിവയിലാണ് കെ സുധാകരനില്‍നിന്നും ഇ.ഡി വ്യക്തത തേടുക. മോന്‍സണില്‍ നിന്ന് കെ സുധാകരന്‍ 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടുവെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുണ്ടായിരുന്നു.
ഇതിനു പുറമേ തൃശ്ശൂര്‍ സ്വദേശി അനൂപ്, മോന്‍സന് 25 ലക്ഷം രൂപ നല്‍കിയതിന് സുധാകരന്‍ ഇടനില നിന്നെന്ന പരാതിക്കാരന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇ.ഡി സുധാകരനെ വിളിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകണമെന്നറിയിച്ചായിരുന്നു ആദ്യ നോട്ടീസ്. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത ചില പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ന് ഹാജരാകാമെന്ന് രേഖാമൂലം അറിയിക്കുകയായിരുന്നു.