റിയാദ്- കീടനാശിനി കുടിച്ച ഗൂഢല്ലൂര്‍ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. റിയാദില്‍ ജോലി ചെയ്യുന്ന അബൂ കാട്ടുപീടിയേക്കല്‍ (57) ആണ് കീടനാശിനി കുടിച്ച് നസീം പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.മാനസികാസ്വാസ്ഥ്യമുള്ള ഇദ്ദേഹം സ്ഥിരമായി മരുന്ന് കുടിക്കാറുണ്ടായിരുന്നു. മരുന്ന് തീരുന്ന മുറക്ക് നാട്ടില്‍ നിന്ന് എത്തിക്കാറായിരുന്നു പതിവ്. അതിനിടെ മരുന്ന് കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്ന് എത്തിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിഭ്രാന്തി കാണിച്ച ഇദ്ദേഹത്തെ നാട്ടിലേക്ക് വിടാന്‍ സഹോദരന്മാര്‍ ടിക്കറ്റെടുത്തിരുന്നു. നാട്ടിലേക്ക് പോകാന്‍ അബു തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം കീടനാശിനി കൊണ്ട് വന്ന് സഹോദരന്മാരുടെ മുന്നില്‍ വെച്ച് അല്‍പം കുടിച്ചു. ബാക്കി പുറത്തേക്ക് തുപ്പുകയും ചെയ്തു. ഉടന്‍ തന്നെ ചില ആശുപത്രിയിലെത്തിച്ചെങ്കിലും അഡ്മിറ്റ് ലഭിച്ചില്ല. പിന്നീട് നസീം പ്രിന്‍സ് മുഹമ്മദ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ 27 ദിവസം വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. നേരത്തെ മൂന്നു പ്രാവശ്യം ഇദ്ദേഹത്തെ ഇങ്ങനെ നാട്ടിലേക്ക് അയച്ചിരുന്നു. പിന്നീട് സുഖമായ ശേഷം തിരിച്ചുവരും.
നുസ്രത്ത് മോള്‍ ആണ് ഭാര്യ. ഷഹ്മ, മുഹമ്മദ് ഷാഹില്‍, മുഹമ്മദ് ഷമീന്‍ മക്കളാണ്. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അബ്ദുസ്സമദ് രംഗത്തുണ്ട്.