Sorry, you need to enable JavaScript to visit this website.

ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർമാരുടെ അറസ്റ്റ് ഉടൻ- പോലീസ്

കോഴിക്കോട് - പ്രസവ ശസ്ത്രക്രിയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടങ്ങിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. 
കേസിൽ കുറ്റക്കാരായ ഡോക്ടർമാരുടേതടക്കം പങ്കാളികളായവരുടേയെല്ലാം അറസ്റ്റ് ഉടനുണ്ടാവുമെന്ന് കേസ് അന്വേഷിക്കുന്ന കോഴിക്കോട് മെഡിക്കൽകോളജ് അസി.കമ്മിഷണർ കെ.സുദർശൻ പറഞ്ഞു. പരാതിക്കാരി ഹർഷീനയാണെങ്കിലും ആരോഗ്യവകുപ്പും സർക്കാരും കുറ്റക്കാരായവരെയെല്ലാം നിയമത്തിന് മുമ്പിൽ കൊണ്ടുവരാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. തിങ്കളാഴ്ച കോഴിക്കോട്ടെത്തിയ ആരോഗ്യമന്ത്രി വീണ ജോർജും വ്യക്തമാക്കിയിട്ടുണ്ട്. ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽകോളജിൽ നടന്ന മൂന്നാമത്തെ ശസ്ത്രക്രിയക്കിടെയാണെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പോലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയെങ്കിലും പോലീസ് തങ്ങളുടെ അന്വേഷണത്തിൽ ഉറച്ച് നിൽക്കുന്നു. കുറ്റക്കാരായവരുടെ അറസ്റ്റിനപ്പുറത്ത് മറ്റൊരു നടപടിയുമില്ല.  അതിനുള്ള നിയമ തടസ്സങ്ങളെല്ലാം നീക്കിവരികയാണ്. സമ്മർദ്ദങ്ങൾ പലവഴിക്കുണ്ട്. കേസ് അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പോലീസ് എന്തായാലും അതിനൊന്ന് വഴങ്ങില്ലെന്നും എ.സി.സുദർശൻ  പറഞ്ഞു. കേസിൽ രണ്ട് ഡോക്ടർമാരടക്കം നാലുപേർ കുറ്റക്കാരണെന്ന് കണ്ടെത്തിയ പോലീസ് റിപ്പോർട്ടിൻമേൽ ഈ മാസം എട്ടിനാണ് മെഡിക്കൽബോർഡ് യോഗം ചേർന്നത്. ബോർഡിൽ പങ്കെടുത്ത അന്വേഷണോദ്യോഗസ്ഥനായ മെഡിക്കൽകോളജ് എ.സിയും പബ്ലിക് പ്രോസിക്യൂട്ടറും പോലീസ് റിപ്പോർട്ടിൽ ഉറച്ച് നിന്നപ്പോൾ ബാക്കി അംഗങ്ങളെല്ലാം റിപ്പോർട്ടിനെതിരായിരുന്നു. രണ്ടു പേരുടെ വിയോജനകുറിപ്പോടെയാണ് റിപ്പോർട്ട് പാസാക്കിയത്. പക്ഷെ തങ്ങളുടെ റിപ്പോർട്ടിൽ ഉറച്ച് നിന്ന പോലീസ് തുടർനടപടികളുമായി മുന്നോട്ട് പോയി. മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ അട്ടിമറിയുണ്ടായെന്ന് ഹർഷീനയും സമരസമിതിയും പരാതിയുമായി സിറ്റി പോ
ലീസ് കമ്മീഷണറെ കണ്ടതോടെ അന്വേഷണസംഘം ബോർഡ് അംഗങ്ങളായ നാലു ഡോക്ടർമാരിൽ നിന്നും  ബോർഡ് ചെയർമാനായ ഡ.ിഎം.ഒ ഡോ. കെ.കെ. രാജാറാമിൽ നിന്നും മൊഴിയെടുത്തു. മെഡിക്കൽ ബോർഡിൽ കോഴിക്കോട് മെഡിക്കൽകോളേജിന് അനുകൂലമയ നിലപാടെടുത്ത എറണാകുളത്ത് നിന്നുള്ള റേഡിയോളജിസ്റ്റ്  ഡോ.ബി.സലിമിൽ നിന്നും അടുത്ത ദിവസം മൊഴിയെടുക്കും. പോലീസ് ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ഹർഷീനയുടെ സമരം ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാൽ പ്രതികൾ എത്ര ഉന്നതരായാലും അറസ്റ്റും നടപടികളുമുണ്ടാകുമെന്നും എ.സി. കെ.സുദർശന്റെ നിലപാട്. നീതി തേടിയുള്ള ഹർഷീനയുടെ സമരം 93ാം ദിവസത്തിലാണ്. ഇത്രയും ദിവസമായിട്ടും പരിഹരിക്കാൻ സർക്കാർ ഭാഗത്ത് നിന്ന് ശ്രമമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ പോലീസ് അന്വേഷണത്തിലും കുറ്റപത്രത്തിലുമാണ് ഏകപ്രതീക്ഷയെന്ന് ഹർഷീന പറയുന്നത്.  കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോകുകയാണ് ഹർഷീനയും സമരസമിതിയും. സമരം 92 ദിവസം കഴിഞ്ഞു. പെരുന്നാൾ ദിവസത്തിലും കഞ്ഞിമാത്രം കഴിച്ച് സമരമിരുന്നു. ഓണനാളിൽ പട്ടിണിസമരം നടത്താനാണ് തീരുമാനമെന്ന് ഹർഷീനയും സമര സമിതി ചെയർമാർ ദിനേശ് പെരുമണ്ണയും പറഞ്ഞു.
 

Latest News