കണ്ണൂർ-ഭർത്താവുമായി പിണങ്ങി നാടു വിട്ട് കണ്ണൂരിലെത്തി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതിക്ക് പോലീസുകാരന്റെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മയിലാട്ടി സ്വദേശിനിയായ മുപ്പതുകാരിയാണ് കണ്ണൂർ റെയിൽവേ പോലീസിലെ സിവിൽ പോലീസ് ഓഫീസർ നിഖിലിന്റെ അവസ്ഥരോചിത ഇടപെടലിലൂടെ മരണമുഖത്ത് നിന്ന് തിരിച്ചുനടന്നത്. യുവതി ജില്ല ആശു പ്രതിയിൽ അപകടനില തരണം ചെയ്തു.
കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപത്തത്താണ് യുവതിയെ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടത്. പതുങ്ങി നിൽക്കുകയാരുന്ന യുവതിയെ കണ്ട് നിഖിലിന് സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം യുവതി ഒഴിഞ്ഞു മാറി. ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയാഞ്ഞ യുവതി താൻ വിഷം കഴിച്ചിരിക്കയാണ് എന്ന കാര്യം അറിയിച്ചു. ഇതുകേട്ടയുടൻ മറ്റൊന്നും ആലോചിക്കാതെ യുവതിയെ താങ്ങിയെടുത്ത് പുറത്തുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയിൽ ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയെ പരിശോധിച്ച ഡോക്ടർ വിഷബാധ സ്ഥിരീകരിക്കുകയും അടിയന്തര ചികിത്സയ്ക്ക് വിധേയയാക്കുകയും ചെയ്തു. തക്കസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാലാണ് ജീവൻ രക്ഷിക്കാനായത് എന്നാണ് ഡോക്ടർമാർ അറിയിച്ചത്.
ഭർത്താവുമായി പിണങ്ങിയ യുവതി വീടു വിട്ട് കെ.എസ്.ആർ.ടി.സി ബസിൽ കണ്ണൂരിലെത്തിയ ശേഷമാണ് കൈയിൽ കരുതിയിരുന്ന വിഷം കഴിച്ചത്. റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് മരിക്കുകയായിരുന്നുവത്രെ ലക്ഷ്യം. ആശുപത്രിയിലെത്തിയ ശേഷമാണ് നിഖിൽ സ്വന്തം മേലുദ്യോഗസ്ഥരോട് പോലും തന്റെ പ്രവൃത്തിയെക്കുറിച്ചറിയിച്ചത്. ഇതിനിടയിൽ യുവതിയുടെ ഫോണിൽ നിന്ന് സഹോദരന്റെ നമ്പർ എടുത്ത് മനസിലാക്കി അയാളെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തിരുന്നു. സഹോദരനും ഭർത്താവും ഉൾപ്പെടെയുള്ള ബന്ധുക്കളെത്തി ആശുപത്രിയിൽ യുവതി യുടെ നില മെച്ചപ്പെട്ടതറിഞ്ഞ് ആശ്വാസം കൊണ്ടു. നിഖിലിന്റെ ആത്മാർത്ഥമായ സേവനം കേരള പോലീസിന് മാതൃകയാണെന്ന് ബന്ധുക്കൾ പ്രശംസിച്ചു. പിണറായി കാടുമ്മൽ സ്വദേശിയാണ് നിഖിൽ.