കണ്ണൂർ-വടക്കെ മലബാറിൽ ആദ്യമായി പത്തു ദിവസം പ്രായമായ കുഞ്ഞിനെ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന നേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ്. നവജാത ശിശുക്കളിൽ അപൂർവ്വമായി കാണപ്പെടുന്ന ഡയഫ്രോമാറ്റിക് പാൾസി എന്ന ഗുരുതര രോഗവുമായാണ് കുഞ്ഞ് ജനിച്ചത്. നെഞ്ചിനെയും വയറിനേയും വേർതിരിക്കുന്ന ഡയഫ്രത്തിന്റെ ഇടത് ഭാഗത്തിന് പ്രവർത്തന ശേഷി കുറഞ്ഞതായിരുന്നു രോഗാവസ്ഥ. ഇത് ശ്വാസകോശത്തിന്റെ വികാസത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ കുഞ്ഞിന് ശ്വാസമെടുക്കാൻ സാധിക്കാത്ത അവസ്ഥ വന്നുചേർന്നു. ഇതോടെ ജനിച്ച ഉടൻ തന്നെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ ശസ്ത്രക്രിയ ചെയ്ത് പ്രവർത്തന രഹിതമായ ഡയഫ്രത്തിന്റെ ഇടത് ഭാഗം പ്രവർത്തനക്ഷമമാക്കുക എന്നത് മാത്രമായിരുന്നു പ്രതിവിധി. ശരീരം തുറന്നുള്ള ശസ്ത്രക്രിയയാണ് സാധാരണയായി ഇത്തരം ഘട്ടങ്ങളിൽ നിർവ്വഹിക്കാറുള്ളത്. വിശദമായ പരിശോധനയിൽ താക്കോൽദ്വാര ശസ്ത്രക്രിയയാണ് അഭികാമ്യം എന്ന് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ആൻഡ് ന്യൂബോൺ സർജറി ടീം ലീഡർമാരായ ഡോ. വിജയ് ഗണേഷ്, ഡോ. ജിനോസ് ബാബു എന്നിവർ നിഗമനത്തിലെത്തുകയായിരുന്നു. തുടർന്ന് ഇവരുടെ തന്നെ നേതൃത്വത്തിൽ ശസ്ത്രക്രിയ പുരോഗമിക്കുകയും വിജയകരമായി പര്യവസാനിക്കുകയും ചെയ്തു. ഒരാഴ്ച ആശുപത്രിവാസത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാർജ്ജ് ചെയ്തു.
ഡോ. വിജയ് ഗണേഷ്, ഡോ. ജിനോസ് ബാബു എന്നിവർക്ക് പുറമെ അനസ്‌തേഷ്യ ഡോക്ടർമാരായ ഡോ. സുപ്രിയ രഞ്ജിത്ത്, ഡോ. വന്ദന വിശ്വനാഥൻ, ഡോ. അനീഷ് ലക്ഷ്മണൻ, ഡോ. റാഷിഫ് മുഹമ്മദ് അഷ്‌റഫ്, ഡോ. ലയ എന്നിവരും നഴ്‌സിംഗ് ടീമംഗങ്ങളായ സീയ, മോളി എന്നിവരും ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു.