കോഴിക്കോട് - ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയ്ക്ക് നീതി കിട്ടണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ ആരോഗ്യവകുപ്പ് രണ്ട് അന്വേഷണങ്ങള്‍ നടത്തി. പോലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹര്‍ഷിനയ്ക്ക് നിയമ നടപടികളിലൂടെ നീതി ഉറപ്പാക്കുന്നതിനു വേണ്ടിയിട്ടാണ് ആരോഗ്യ വകുപ്പ് പൊലീസ് അന്വേഷണം വേണമെന്ന് പറഞ്ഞത്. ധനസഹായം ഉള്‍പ്പടെ രണ്ട് കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സഭയില്‍വെച്ച് തീരുമാനമെടുത്തത്. പൊലീസ് അന്വേഷണം നടക്കുകയാണ്. അതില്‍ കൃത്യമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടികള്‍ ഉണ്ടാകും. പൊലീസ് അന്വേഷിക്കട്ടേയെന്നും മാതൃകാപരമായ നടപടി ഉറപ്പാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.