പറ്റ്‌ന - ഇന്ത്യൻ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അടക്കമുള്ളവരുടെ സ്മാരകങ്ങളുടെയും ചരിത്രത്തിൽ ഇടംനേടിയ വിവിധ സ്ഥലങ്ങളുടെയും പേരുകൾ രാഷ്ട്രീയപ്രേരിതമായി മാറ്റിയ മോഡി സർക്കാറിന് കനത്ത തിരിച്ചടിയുമായി ബിഹാറിലെ നിതീഷ്‌കുമാർ സർക്കാർ.
മുൻ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള ബിഹാറിലെ നാളികേര പാർക്കിന്റെ പേര് മാറ്റിയാണ് നിതീഷ് സർക്കാറിന്റെ പ്രഹരം. സ്ഥാപനത്തിന്റെ ആദ്യ പേരായ 'കോകനട്ട് പാർക്ക്' എന്നായിരിക്കും പുതിയ പേരെന്ന് വനം പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവ് വ്യക്തമാക്കി. കോകനട്ട് പാർക്ക് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം 2018-ൽ വാജ്‌പേയി അന്തരിച്ച ശേഷമാണ് അദ്ദേഹത്തിന്റെ പേരിലേക്ക് അന്നത്തെ സർക്കാർ മാറ്റിയത്. പറ്റ്‌നയിലെ കങ്കർബാഗിലാണ് ഈ പാർക്കുള്ളത്. എന്നാൽ, പുതിയ പേരുമാറ്റത്തിൽ രൂക്ഷ വിമർശവുമായി ബി.ജെ.പി രംഗത്തെത്തി.
'ഒരുവശത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ വാജ്‌പേയി സ്മാരകത്തിൽ പൂക്കളർപ്പിക്കുന്നു. മറുവശത്ത് തേജ്പ്രതാപ് യാദവ് പാർക്കിന്റെ പേര് മാറ്റുന്നു. ഇത് ഇരട്ട നിറമുള്ള സർക്കാരാണ്. ബി.ജെ.പി ഇതിനെ എതിർക്കുകയും പാർക്കിന്റെ പേര് മാറ്റരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന്' പാർട്ടി വക്താവ് അരവിന്ദ് കുമാർ സിങ് പ്രതികരിച്ചു.
പേര് മാറ്റിയെങ്കിലും പാർക്കിലെ വാജ്‌പേയി പ്രതിമ മാറ്റിയിട്ടില്ല. വരും ദിവസങ്ങളിൽ പുതിയ ഉത്തരവിനനുസരിച്ച് കാര്യങ്ങൾ നീങ്ങുമെന്നാണ് കരുതുന്നത്.