ബെര്‍ലിന്‍- തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനൊപ്പം ചിത്രമെടുത്തതിന്റെ പേരില്‍ കടുത്ത വംശീയ അധിക്ഷേപത്തിനും വിദ്വേഷ ആക്രമണത്തിനുമിരയായ ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസുത് ഓസില്‍ ഇനി ദേശീയ ടീമിനു വേണ്ടി കളിക്കില്ലെന്ന് പ്രഖ്യാപിച്ചു. മേയില്‍ ലണ്ടനില്‍ വച്ചാണ് ഉര്‍ദുഗാനാപ്പം ഓസിലും സഹതാരം ഇല്‍ക്കെ ഗുന്‍ഡോഗാനും ഉര്‍ദുഗാനൊപ്പം ചിത്രമെടുത്തത്. ഇതോടെ തുര്‍ക്കി വംശജരായ ഇരു താരങ്ങള്‍ക്കുമെതിരെ ജര്‍മന്‍ ഫുട്‌ബോള്‍ ആരാധകരുടെ കടുത്ത വംശീയ അധിക്ഷേപം നടത്തുകയായിരുന്നു. റഷ്യ ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതോടെ ഈ വിദ്വേഷ ആക്രമണം രൂക്ഷമായി. ജര്‍മനിയിലെ മാധ്യമങ്ങളില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഫുട്‌ബോള്‍ അഫെഡറേഷനില്‍ നിന്നുവരെ അധിക്ഷേം നേരിട്ടിരുന്നു. ജര്‍മന്‍ ടീമില്‍ നിന്ന് പിന്മാറിയെങ്കിലും കളിക്കളത്തിലെ മികച്ച പ്ലേമേക്കര്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന ഈ മിഡ്ഫീല്‍ഡര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലില്‍ തന്നെ തുടരും. ജര്‍മനിക്കു വേണ്ടി 92 മത്സരങ്ങളില്‍ നിന്ന് 23 ഗോള്‍ നേടിയിട്ടുണ്ട്.
ഉര്‍ദുഗാനുമായി താനും ഗുന്‍ഡോഗാനും സംസാരിച്ചത് ഫുട്‌ബോള്‍ ആണെന്നും രാഷ്ട്രീയമായിരുന്നില്ലെന്നും ഓസില്‍ പറഞ്ഞു. തന്റെ പൂര്‍വികരും കുടുംബ വേരുകളുമുള്ള ഒരു രാജ്യത്തിന്റെ തലവനൊപ്പം ഫോട്ടോക്ക് നിന്നത് അവരോടുള്ള ആദരം മാത്രമാണ്. ഇതിന്റെ പേരില്‍ വിദ്വേഷപരമായ മെയിലുകളാണ് കിട്ടിക്കൊണ്ടിരിക്കന്നത്. ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ കോളുകളും സോഷ്യല്‍ മീഡിയയിലെ വംശീയാധിക്ഷേപവും നേരിടേണ്ടി വരുന്നത്. ഇനിയും ജര്‍മനിയുടെ ജഴ്‌സി ഞാന്‍ അണിയുന്നത് ഇവര്‍ക്കിഷ്ടമല്ലെന്നും മനസ്സിലായി- വിരമിക്കല്‍ പ്രഖ്യാനം അടങ്ങിയ ഓസിലിന്റെ സുദീര്‍ഘമായ കത്തില്‍ പറയുന്നു.