റിയാദ്- റിയാദ് ബസിന്റെ മൂന്നാം ഘട്ടം പൂർത്തിയായതോടെ 33 റൂട്ടുകളിൽ 1611 സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് 565 ബസുകൾ സർവീസ് നടത്തുന്നതായി റിയാദ് ബസ് പ്രൊജക്ട് എക്‌സ് പ്ലാറ്റ്‌ഫോം എക്കൗണ്ടിൽ അറിയിച്ചു. മൊത്തം 1284 കിലോമീറ്റർ പരിധിയിലാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. നാലും അഞ്ചും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ റിയാദ് നഗരത്തിലെ എല്ലാ റോഡുകളിലൂടെയും റിയാദ് ബസ് സർവീസ് ഉണ്ടാകും.
കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി റിയാദ് നഗരത്തിൽ റിയാദ് ബസ് പദ്ധതിയുടെ മൂന്നാംഘട്ടം ശനിയാഴ്ച ആരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മാർച്ചിൽ 'റിയാദ് ബസ്' സർവീസ് ആരംഭിച്ചതിന്റെ ആദ്യ ആറു മാസങ്ങളിൽ ഏകദേശം 435,000 ട്രിപ്പുകൾ നടത്തി. അതിലൂടെ നാലു ദശലക്ഷത്തിലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. മൂന്നാംഘട്ടം പൂർത്തിയായതോടെ മൊത്തം 1900 കിലോമീറ്റർ പദ്ധതിയിൽ 1284 കിലോമീറ്ററും പൂർത്തിയായി. ഈ വർഷാവസാനത്തോടെ നാലും അഞ്ചും ഘട്ടങ്ങൾ പൂർത്തിയാക്കും.
മൂന്നാം ഘട്ടത്തിൽ 13 ാം റൂട്ടിലൂടെ അഥവാ ഖാലിദ് ബിൻ അൽവലീദ് റോഡിലൂടെയും 11 ാംനമ്പർ റൂട്ടിലൂടെ അഥവാ കിംഗ് അബ്ദുൽ അസീസ്, സലാഹുദ്ദീൻ അൽഅയ്യൂബി റോഡുകളിലൂടെയുമാണ് സർവീസ് തുടങ്ങിയത്.
സവിശേഷമായ യാത്രാനുഭവം പ്രദാനം ചെയ്യുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയും നഗരത്തിലുടനീളം യാത്രക്കാരെ കൃത്യതയോടെയും സുരക്ഷിതത്വത്തോടെയും കൊണ്ടുപോകുന്നതിൽ കാര്യക്ഷമതയും വഴക്കവും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ബസ് സർവീസിന്റെ ലക്ഷ്യം. ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് ബസുകൾക്ക് മാത്രമുള്ള പാതയാണ്. ഇലക്ട്രിക് എലിവേറ്ററുകൾ ഘടിപ്പിച്ച കാൽനട പാലങ്ങൾ വഴി ബസ് സ്റ്റോപ്പുകളിൽ എത്തിച്ചേരാം. ഇങ്ങനെ മികച്ച സൗകര്യങ്ങളാണ് ഈ പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ളത്.
പദ്ധതിയുടെ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും വിവിധ സേവനങ്ങൾ ലഭ്യമാണ്. റൂട്ടുകൾ അറിയാനും ടിക്കറ്റുകൾ എടുക്കാനും പണമടക്കാനും സൗകര്യമുണ്ട്. രണ്ട് മണിക്കൂറിന് നാലു റിയാൽ, മൂന്നു ദിവസത്തിന് 20 റിയാൽ, ഏഴു ദിവസത്തിന് 40 റിയാൽ, 30 ദിവസത്തിന് 140 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് ചാർജ്.