തളിപ്പറമ്പ്- മനുഷ്യ സമൂഹത്തിന്റെ ആത്മീയവും വിശ്വാസപരവുമായ താല്പര്യങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങളെ കരുതിയിരിക്കണമെന്ന ആഹ്വാനത്തോടെ വിസ്ഡം ഇസ്്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ തളിപ്പറമ്പ് സയ്യിദ് നഗറിൽ സംഘടിപ്പിച്ച മുജാഹിദ് ആദർശ സമ്മേളനം സമാപിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ മാലിക് സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം കണ്ണൂർ ജില്ലാ ട്രഷറർ കെ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഇസ്്‌ലാമിലെ ഏകദൈവ വിശ്വാസം ഇടയവർത്തിത്വത്തെ നിരാകരിക്കുന്നതും ആത്മീയ ചൂഷണങ്ങളെ വേരോടെ പിഴുതെറിയുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ പ്രബോധന പ്രവർത്തനങ്ങളിലൂടെ മാത്രമേ സമൂഹത്തിൽ വിശ്വാസ വിമലീകരണം സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വിമർശിക്കാൻ അവകാശമുണ്ടെങ്കിലും ആരോപകരിൽ നിന്ന് കേട്ടത് മാത്രം വിളിച്ച് പറയുന്നതിന് മുമ്പ് ശരിയായ സ്രോതസിൽ നിന്ന് മതത്തെ അറിയാൻ ശ്രമിക്കണം. ഇസ്്‌ലാമിലെ അനന്തരാവകാശവും സ്ത്രീ നിയമങ്ങളും ജീവിത മാർഗരേഖയും അന്യൂനവും മാനവികവുമാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.
ജാമിഅ അൽ ഹിന്ദ് അൽ ഇസ്ലാമിയ്യ ഡയറക് ടർ ഫൈസൽ മൗലവി, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി. മൂസ സ്വലാഹി കാര, ശരീഫ് കാര, സഫീർ അൽ ഹികമി, മുഷ്താഖ് അൽ ഹികമി വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വിസ്ഡം കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.പി. ഹുസ്സൈൻ കുഞ്ഞി, സെക്രട്ടറി കെ. അബ്ദുല്ലാ ഫാസിൽ, മുഹമ്മദ് കുഞ്ഞി ചെങ്ങളായി, വിസ്ഡം തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പി.കെ. ഹാഷിം, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷബീർ എം.കെ, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് റാഷിദ് സ്വലാഹി, സെക്രട്ടറി ടി.കെ. ഉബൈദ് പങ്കെടുത്തു.